thomas

തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിട്ടിട്ടും സർവീസിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥന് ശമ്പള, പെൻഷൻ കുടിശ്ശിക ആനുകൂല്യങ്ങൾ നൽകാതെ ധനവകുപ്പിന്റെ അലംഭാവം. ഇൻഷ്വറൻസ് മെഡിക്കൽ സർവീസസ് ഡയറക്ടറേറ്റിൽ സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരുന്ന കെ.ബേബി ഐസകിനാണ് ഈ ദുർഗ്ഗതി.

സംസ്ഥാനത്തെ ഒരു മന്ത്രിയുടെ സഹോദരീ ഭർത്താവു കൂടിയായ ഇദ്ദേഹത്തിന് പത്ത് വർഷത്തെ ശമ്പള, പെൻഷൻ കുടിശ്ശിക ആനുകൂല്യങ്ങൾ ആറ് മാസത്തിനകം വിതരണം ചെയ്യാൻ കഴിഞ്ഞ നവംബർ ആറിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഉത്തരവിറങ്ങിയിട്ട് ഏഴ് മാസം പിന്നിട്ടിട്ടും ഇതുവരെ ധനവകുപ്പ് അനങ്ങിയിട്ടില്ല. ഇതിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ബേബി ഐസക്.

സാങ്കേതിക തടസങ്ങൾ കാട്ടി ധനവകുപ്പ് തടഞ്ഞുവച്ച ആനുകൂല്യങ്ങൾക്കായാണ് ബേബി ഐസക് ആദ്യം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചത്. ട്രിബ്യൂണലിൽ നിന്ന് അനുകൂലവിധി ഉണ്ടാവാത്തതിനെ തുടർന്നാണ് ഹൈക്കോടതിയിൽ പോയത്.