തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ ഫീസ് ഘടന റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകിയേക്കും. ഉത്തരവ് പഠിച്ച് രണ്ടാഴ്ചയ്ക്കകം തീരുമാനിക്കുമെന്ന് ഫീസ് നിർണയ സമിതി അദ്ധ്യക്ഷൻ ജസിറ്റിസ് രാജേന്ദ്രബാബു വ്യക്തമാക്കി. കോളേജുകളുടെ വരവ് ചെലവ് കണക്കുകളടക്കം പരിശോധിച്ച് ഫീസ് പുനർനിശ്ചയിക്കാനാണ് ഉത്തരവ്. ഇതിന് കോളേജുകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി ഹിയറിംഗ് നടത്തണം. എൻ.ആർ.ഐ ക്വാട്ടയിൽ 25ലക്ഷം, ബാക്കിസീറ്റുകളിൽ 11ലക്ഷം വീതം വേണമെന്നാണ് മാനേജ്മെന്റുകളുടെ ആവശ്യം. കഴിഞ്ഞവർഷം ഇത് 20 ലക്ഷം, 5.85 - 7.19ലക്ഷം എന്നിങ്ങനെയായിരുന്നു. കുറഞ്ഞ ഫീസുവാങ്ങി കോളേജിന്റെ നടത്തിപ്പിനും ഭാവിയിലേക്കുള്ള വികസനത്തിനുമുള്ള ചെലവ് കണ്ടെത്താനാവില്ലെന്നാണ് മാനേജ്മെന്റുകളുടെ വാദം. എന്നാൽ അദ്ധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളം, കോളേജ് നടത്തിപ്പ്, ഭാവിയിലെ വികസനത്തിനുവേണ്ടിയുള്ള അധികത്തുക എന്നിവയെല്ലാം കണക്കാക്കിയാണ് ഫീസ് നിർണയിച്ചതെന്ന് സർക്കാർ പറയുന്നു.