തിരുവനന്തപുരം: താലൂക്കാശുപത്രികൾ മുതൽ മെഡിക്കൽകോളേജുകൾ വരെ നശിപ്പിച്ചിരുന്ന പ്ലാസ്‌മ കേരളത്തിന്റെ ആരോഗ്യ മേഖലയ്‌ക്ക് പുതിയൊരു വരുമാനമാർഗ്ഗം തുറന്നു. ലിറ്ററിന് 2200രൂപ നിരക്കിൽ മുകേഷ് അംബാനിയുടെ റിലയൻസ് ലൈഫ് സയൻസിനാണ് പ്ലാസ്‌മ വിൽക്കുന്നത്.
രക്തം കട്ടിയാകാൻ സഹായിക്കുന്ന പ്ലാസ്‌മയ്‌ക്ക് പല ഉപയോഗങ്ങളും ഉണ്ടെങ്കിലും കേരളം അതൊന്നും പ്രയോജനപ്പെടുത്താതെ നശിപ്പിക്കുകയായിരുന്നു ഇതുവരെ. പ്ലാസ്‌മ ഉപയോഗശൂന്യമാക്കാതെ വിൽക്കണമെന്ന് കേന്ദ്രസർക്കാരിന്റെ കർശനനിർദ്ദേശം വന്നതോടെയാണ് റിലയൻസുമായി സർക്കാർ കരാറുണ്ടാക്കിയത്. എത്ര വേണമെങ്കിലും വാങ്ങാൻ റിലയൻസ് തയ്യാറാണ്.
തിരുവനന്തപുരം മെഡിക്കൽ കോളേജിലും ആർ.സി.സിയിലും മാസം 4500 യൂണിറ്റോളം പ്ലാസ്‌മ വേർതിരിക്കുന്നുണ്ട്. ഉപയോഗം 500 യൂണിറ്റേയുള്ളൂ. ഏഴ് മെഡിക്കൽ കോളേജുകളിലും ജില്ലാആശുപത്രികളിലും താലൂക്ക്, ജനറൽ ആശുപത്രികളുമെല്ലാം പ്ലാസ്‌മ ശേഖരിക്കുന്നുണ്ട്.
പ്ലാസ്‌മ വേർതിരിച്ച് പ്രോട്ടീനായ ആൽബുമിൻ, ഇമ്മ്യൂണോഗ്ലോബിൻ തുടങ്ങിയ ഘടകങ്ങളുണ്ടാക്കാനുള്ള കേന്ദ്രങ്ങളോ സാങ്കേതികവിദ്യയോ കേരളത്തിലില്ല. ഇതിന് വലിയ മുതൽമുടക്കുണ്ട്. അതിനാൽ പ്ലാസ്‌മ ശീതീകരിച്ച് ഒരുവർഷം വരെ സൂക്ഷിച്ച ശേഷം നശിപ്പിക്കുകയായിരുന്നു പതിവ്.
ഇനി മെഡിക്കൽ കോളേജുകളിൽ 1000 യൂണിറ്റ് പ്ലാസ്‌മ കരുതലായി സൂക്ഷിച്ചശേഷം ബാക്കി വിൽക്കും. ഇതിന്റെ പണം ഉപയോഗിച്ച് ബ്ലഡ്ബാങ്കുകൾ നവീകരിക്കുകയും കൂടുതൽ ആശുപത്രികളിൽ രക്തഘടകങ്ങൾ വേർതിരിക്കുന്ന സംവിധാനം ഒരുക്കുകയും ചെയ്യും. ഒരു യൂണിറ്റ് രക്തത്തിലെ ഘടകങ്ങൾ വേർതിരിക്കാൻ 1000രൂപ ചിലവുണ്ട്.
@ഉപയോഗങ്ങൾ
കൊവിഡ് കാലത്ത് പ്രതിരോധശേഷി കൂട്ടാനും ഹീമോഫീലിയ ചികിത്സയ്‌ക്കും. കരൾ, വൃക്ക രോഗങ്ങൾക്കും തീപ്പൊള്ളലിനും രക്തസ്രാവം നിയന്ത്രിക്കാനും ശസ്ത്രക്രിയകൾക്കും. രക്തം കട്ടിയാകാൻ അവശ്യഘടകമാണ്.കൊവിഡ് സുഖപ്പെട്ടവരുടെ പ്ലാസ്‌മയുപയോഗിച്ച് ഗുരുതരരോഗികളെ ചികിത്സിക്കുന്ന പ്ലാസ്‌മാതെറാപ്പിക്കായി ശേഖരിക്കുന്ന പ്ലാസ്‌മ വിൽക്കില്ല.
പ്രതിരോധ കോട്ട
പ്ലാസ്‌മയിൽ ആൽബുമിൻ, ഗ്ലോബുലിൻ, ഫൈബ്രിനോജൻ തുടങ്ങിയ പ്രോട്ടീനുകളുണ്ട്. രോഗാണുക്കളെ ചെറുക്കുന്ന ആൽബുമിനാണ് ഏറ്റവുമധികം. പ്രതിരോധശേഷി കൂട്ടുന്ന ആന്റിബോഡിയുണ്ടാക്കുന്നത് ആൽബുമിനാണ്. രക്തംകട്ടിയാക്കുന്ന ഘടകമാണ് ഫൈബ്രിനോജൻ. ഹീമോഫീലിയ രോഗികൾക്കടക്കം വേണ്ട ആൽബുമിൻ പ്ലാസ്‌മയിൽ നിന്ന് വേർതിരിച്ചെടുക്കുന്നതാണ്. ഇത് ബി.പി.എല്ലുകാർക്ക് സൗജന്യമായും എ.പി.എല്ലുകാർക്ക് 75 രൂപയ്ക്കും നൽകുന്നുണ്ട്.
''നമ്മുടെ ഉപയോഗത്തിനു ശേഷം നശിപ്പിച്ചുകളഞ്ഞിരുന്ന പ്ലാസ്‌മയാണ് റിലയൻസിന് വിൽക്കുന്നത്.''
ഡോ.എ.റംലാബീവി
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ