വിതുര: നെടുമങ്ങാട് -വിതുര ബസിൽ തൊളിക്കോട് മന്നൂർക്കോണത്തുവച്ച് ഓടിക്കയറി വിതുരയിൽ എത്തിയ നാടോടി സ്ത്രീയെ ആരോഗ്യവകുപ്പും പൊലീസും ചേർന്ന് ക്വാറന്റൈൻ കേന്ദ്രത്തിൽ എത്തിച്ചു. ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് സംഭവം. വിതുര ഡിപ്പോയിൽ സ്ത്രീ എത്തിയതോടെ നാട്ടുകാർ തടിച്ചുകൂടി. സ്ത്രീക്ക് കൊവിഡ് ആണെന്ന വാർത്തയും പരന്നു. ഇവർ സംസാരിക്കുന്ന ഭാഷ വ്യക്തമല്ല. പനിയും ചുമയും ദേഹത്ത് മുറിവും ഉണ്ടായിരുന്നു. ഡിപ്പോ അധികൃതർ വിവരം കളക്ടറെയും ആരോഗ്യവകുപ്പിനെയും പൊലീസിനെയും അറിയിച്ചതിനെ തുടർന്ന് പത്തു മണിയോടെ ഇവരെ ആംബുലൻസിൽ നെടുമങ്ങാട് പനവൂരിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ആരോഗ്യവകുപ്പും പൊലീസും എത്താൻ വൈകി എന്നാരോപിച്ചു നാട്ടുകാർ പ്രതിഷേധിക്കുകയും ചെയ്തു. വിതുരയിൽ കൊവിഡ് രോഗി വന്നുവെന്ന വാർത്ത പരന്നതിനെ തുടർന്ന് ധാരാളം പേർ സ്ത്രീയെ കാണാൻ ഡിപ്പോയിൽ എത്തി. പൊലീസ് ഇവരെ മടക്കി അയച്ചു.