കാസർകോട്: കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കല്യോട്ടെ കൃപേഷിന്റെയും ശരത് ലാലിന്റെയും സുഹൃത്ത് ദീപുകൃഷ്ണന് (28) ഇന്റർനെറ്റ് കാളിലൂടെ വധഭീഷണി. ഇന്നലെയാണ് യൂത്ത് കോൺഗ്രസിന്റെ സജീവ പ്രവർത്തകൻ കൂടിയായ ദീപുവിനെ ഒരാൾ വിളിച്ച് ഭീഷണി മുഴക്കിയത്. ഇതുസംബന്ധിച്ച് ദീപു ബേക്കൽ സി.ഐക്ക് പരാതി നൽകി.
അടുത്തലക്ഷ്യം ദീപു കൃഷ്ണനാണെന്നും ശരത് ലാലിന്റെയും കൃപേഷിന്റെയും സ്മൃതി മണ്ഡപത്തിന് പുറമെ മൂന്നാമത്തെ സ്മൃതിമണ്ഡപം കൂടി തയ്യാറാക്കിവയ്ക്കുന്നതാണ് നല്ലതെന്നും ഭീഷണിപ്പെടുത്തിയതായി ദീപു സി.ഐക്ക് നൽകിയ പരാതിയിൽ പറയുന്നു. കല്യോട്ട് ഇരട്ടക്കൊലപാതകത്തിന് ശേഷം നടന്ന അക്രമങ്ങളുടെ തുടർച്ചയായി 2019 ഏപ്രിൽ അഞ്ചിന് രാത്രി ദീപുവിന്റെ തട്ടുമ്മലിലെ വീടിനു നേരെ ഒരുസംഘം ബോംബെറിഞ്ഞിരുന്നു.
ഈ സംഭവത്തിൽ ദീപുവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നെങ്കിലും ഇതുവരെ പ്രതികളെ അറസ്റ്റുചെയ്തിട്ടില്ല. കൊല്ലപ്പെടുന്നതിന് ഏതാനും ദിവസം മുമ്പ് കൃപേഷിനും ശരത് ലാലിനും ഇന്റർനെറ്റ് കാളിലൂടെ വധഭീഷണിയുണ്ടായിരുന്നു.