a

കാസർകോട്: തലപ്പാടി കെ.സി റോഡ് സ്വദേശിയും പാവൂർ കിദമ്പാടിയിൽ താമസക്കാരനുമായ ഇസ്മായിലിനെ (50) കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായിരുന്ന പ്രതികൾ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഇസ്മായിലിന്റെ ഭാര്യ കിദമ്പാടി സ്വദേശിനി ആയിഷ (30), കാമുകനും ബന്ധുവുമായ മുഹമ്മദ് ഹനീഫ (42), മഞ്ഞനാടിയിലെ അറഫാത്ത് (29) എന്നിവർക്കെതിരെയാണ് മഞ്ചേശ്വരം പൊലീസ് കാസർകോട് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയിൽ കുറ്റപത്രം നൽകിയത്.

കുറ്റപത്രം വിചാരണയ്ക്കായി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് കൈമാറി. അറസ്റ്റ് നടന്ന് 90 ദിവസത്തിനകം കുറ്റപത്രം നൽകാതിരുന്നതിനാൽ പ്രതികൾക്ക് ഈയിടെ ജാമ്യം ലഭിച്ചിരുന്നു. മുഖ്യപ്രതി ആയിഷയ്ക്ക് ഹൈക്കോടതിയും മറ്റ് പ്രതികൾക്ക് ജില്ലാ കോടതിയുമാണ് ജാമ്യം അനുവദിച്ചിരുന്നത്. 2020 ജനുവരി 20ന് രാവിലെയാണ് ഇസ്മായിലിനെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നത്. മരണം കൊലപാതകമാണെന്ന് പോസ്റ്റുമോർട്ടത്തിൽ തെളിയുകയായിരുന്നു.

കൊലയ്ക്ക് പിന്നിൽ അവിഹിതബന്ധം

ആയിഷയും മുഹമ്മദ് ഹനീഫയും തമ്മിലുള്ള ബന്ധത്തെ ചോദ്യം ചെയ്ത വിരോധമാണ് ഇസ്മായിലിന്റെ കൊലപാതകത്തിന് പിന്നിലെന്നാണ് അന്വേഷണത്തിൽ വ്യക്തമായിരുന്നത്. ആയിഷ ഹനീഫയുടെ സഹായത്തോടെ ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. മറ്റൊരു പ്രതിയായ സിദ്ദിഖ് ഇപ്പോഴും ഒളിവിലാണ്. വീട്ടിൽ ഉറങ്ങുകയായിരുന്ന ഇസ്മായിലിനെ അറഫാത്തും സിദ്ദിഖും ചേർന്ന് കഴുത്തിൽ തുണി മുറുക്കി കൊലപ്പെടുത്തിയെന്നും ഇതിനുള്ള സൗകര്യത്തിനായി ആയിഷയും ഹനീഫയും വീടിന്റെ പുറത്ത് കാവൽ നിന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നു.