ബാലരാമപുരം: കരമന-കളിയിക്കാവിള ദേശീയപാതയിൽ മുടവൂർപ്പാറ താന്നിവിള റോഡിൽ അപകടസ്ഥിയിൽ നില കൊള്ളുന്ന ട്രാൻസ്ഫോർ നീക്കം ചെയ്യണമെന്ന ആവശ്യവുമായി നാട്ടുകാർ. പാതവികസനത്തിന്റെ ഭാഗമായി ഗതാഗതം പൂർണ്ണമായി നിരോധിച്ച മുടവൂർപ്പാറ- മുക്കമ്പാലമൂട് റോഡിൽ കഴിഞ്ഞ ദിവസമാണ് ഗതാഗതം ഭാഗീഗമായി പുന:സ്ഥാപിച്ചത്. റോഡിന്റെ വീതിക്കുറവും ട്രാൻസ്ഫോമർ റോഡിനോട് ചേർന്നും സ്ഥിതി ചെയ്യുന്നതിനാൽ വാഹനയാത്രികർക്കും നാട്ടുകാർക്കും ഭയപ്പാടുണ്ടാക്കുകയാണ്. റോഡ് പണിക്കായി ട്രാൻസ്ഫോമർ സ്ഥിതി ചെയ്യുന്ന സ്ഥലത്ത മണ്ണ് നീക്കം ചെയ്തത് സ്ഥിതി കൂടുതൽ അപകടാവസ്ഥയിലാക്കി. മുടവൂർപ്പാറ –മുക്കമ്പാലമൂട് റോഡ് നിർമ്മാണം അശാസ്ത്രീയമാണെന്ന് ആരോപണവുമുയരുന്നുണ്ട്. മുടവൂർപ്പാറ ജംഗ്ഷനിൽ റോഡിനോട് ചേർന്ന് കിടക്കുന്ന പഞ്ചായത്ത് പുറമ്പോക്ക് ഭൂമി ഉൾപ്പെടെ വീതി കൂട്ടിയാൽ മാത്രമേ വാഹനഗതാഗതം സുഗമമാവുകയുള്ളൂവെന്നാണ് നാട്ടുകാരുടെ പക്ഷം. ട്രാൻസ്ഫോമർ അടിയന്തരമായി മാറ്റി സ്ഥാപിക്കണമെന്ന് കെ.എസ്.ഇ.ബി അധികൃതരോട് പരാതിപ്പെട്ടിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നും നാട്ടുകാർ പരാതിപ്പെടുന്നു. മുടവൂർപ്പാറ –മുക്കമ്പാലമൂട് അടിന്തരമായി വീതികൂട്ടണമെന്നും ട്രാൻസ്ഫോമർ കാൽനടയാത്രികൾക്കും മറ്റ് വാഹനങ്ങൾക്കും ഭീഷണിയാവാതെ സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്നും നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെടുകയാണ്.