തിരുവനന്തപുരം: വിക്ടേഴ്സ് ചാനലിലെ 'ഫസ്റ്റ്‌ബെൽ' ഓൺലൈൻ പഠന പദ്ധതിയിൽ നാളെ മുതൽ പുതിയ ക്ലാസുകൾ സംപ്രേഷണം ചെയ്യും. സമയക്രമം മുൻപ് നിശ്ചയിച്ചതു തന്നെയാണ്. ഫേസ്ബുക്കിൽ victerseduchannel ൽ ലൈവായും, യുട്യൂബിൽ itsvicters വഴിയും ക്ലാസുകൾ കാണാം.
തിങ്കൾ മുതൽ വെള്ളി വരെയുള്ള ക്ലാസിൽ, ഓരോ ദിവസവും പത്തും പന്ത്രണ്ടും ക്ലാസുകളുടെ പുനഃസംപ്രേഷണം ഉണ്ടാവും. ഒന്നു മുതൽ ഒൻപതുവരെ ക്ലാസുകൾക്ക് ശനി, ഞായർ ദിവസങ്ങളിലാണ് പുനഃസംപ്രേഷണം. വെബിൽ നിന്നു ഡൗൺലോഡ് ചെയ്തും ക്ലാസുകൾ കാണാം.
ഇംഗ്ലീഷ് മീഡിയം കുട്ടികൾക്ക് സഹായകമാകും വിധം ഇംഗ്ലീഷ് വാക്കുകൾ എഴുതിക്കാണിക്കാനും, ഹിന്ദി ഉൾപ്പെടെയുള്ള ഭാഷാ ക്ലാസുകളിൽ മലയാളത്തിൽ വിശദീകരണം നൽകാനും സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് കൈറ്റ് അധികൃതർ അറിയിച്ചു.
ക്ലാസുകൾക്ക് യൂ ട്യൂബിൽ വരിക്കാർ പത്തു ലക്ഷത്തോളമായി. പ്ലേ സ്റ്റോറിൽ നിന്ന് 16.5 ലക്ഷം പേർ വിക്ടേഴ്‌സ് മൊബൈൽ ആപ്പ് ഡൗൺലോഡു ചെയ്തിട്ടുണ്ട്. ചില ക്ലാസുകൾ 40 ലക്ഷത്തിലധികം പേർ കണ്ടു. ഗൾഫ് നാടുകളിലും നല്ല സ്വീകാര്യതയാണ്.
തമിഴ്, കന്നട മീഡിയം ക്ലാസുകളും
തമിഴ് മീഡിയം ക്ലാസുകൾ youtube.com/drcpkd ലിങ്കിലും കന്നട മീഡിയം ക്ലാസുകൾ youtube.com/KITEKasaragod എന്ന ലിങ്കിലും ലഭ്യമാക്കും. ഇത് ആദ്യ അഞ്ചു ദിവസം ട്രയലാണ്. ഇവ പ്രാദേശിക കേബിൾ ചാനലുകളിൽ സംപ്രേഷണം ചെയ്യുന്നതിന്റെ സാദ്ധ്യതയും പരിശോധിക്കുന്നുണ്ട്. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലെ വിഷയാധിഷ്ഠിത ടൈംടേബിൾ കൈറ്റ് വെബ്‌സൈറ്റിൽ www.kite.kerla.gov.in എന്ന ലിങ്കിലും ലഭ്യമാണ്.