തിരുവനന്തപുരം : കുടുംബകലഹത്തെ തുടർന്ന് റിട്ട. എ.എസ്.ഐയായ ഭർത്താവ് തലയ്ക്കടിച്ചു കൊന്ന റിട്ട. എസ്.ഐ തൊഴുവൻകോട് ഇടപ്പറമ്പ് അഞ്ജലി ഭവനിൽ ലീലയുടെ (71) മൃതദേഹം ഇന്ന് പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. വീട്ടിലെത്തിച്ച ശേഷം ശാന്തികവാടത്തിൽ സംസ്‌കരിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.
കൊവിഡ് പരിശോധനാ ഫലം ലഭിക്കാൻ ഇന്നലെ വൈകിയതിനാൽ പോസ്റ്റ്മോർട്ടം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടിന് നെഗറ്റീവ് റിപ്പോർട്ട് കിട്ടിയ ശേഷമാണ് ഇൻക്വസ്റ്റിനുള്ള അറിയിപ്പ് വട്ടിയൂർക്കാവ് പൊലീസിന് ലഭിച്ചത്. തുടർന്ന് സി.ഐയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് മോർച്ചറിയിലെത്തി നടപടികൾ പൂർത്തീകരിച്ചു. സമയം കഴിഞ്ഞതിനാൽ പോസ്റ്റ്മോർട്ടം നടത്താനായില്ല.
ലീലയുടെ മൃതദേഹം ഇന്നലെ എത്തിക്കുമെന്ന ധാരണയിൽ തൊഴുവൻകോട്ടെ വീട്ടിൽ നാട്ടുകാരും ജനപ്രതിനിധികളും എത്തിയിരുന്നു. വി.കെ. പ്രശാന്ത് എം.എൽ.എ ഉൾപ്പെടെ സ്ഥലത്തെത്തിയ ശേഷം തിരിച്ചുപോയി.
ഭാര്യയെ അടിച്ചു വീഴ്ത്തിയ ശേഷം കെട്ടിത്തൂങ്ങി മരിച്ച പൊന്നന്റെ (68) മൃതദേഹം സംഭവ ദിവസമായ വെള്ളിയാഴ്ച ശാന്തികവാടത്തിൽ സംസ്‌കരിച്ചിരുന്നു. പൊന്നന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ, ഇരുവരെയും ഒരുമിച്ചു സംസ്‌കരിക്കണമെന്ന് മക്കൾ ആഗ്രഹം പ്രകടിപ്പിച്ചിരുന്നതിനെ തുടർന്ന് സംസ്കാരം ശനിയാഴ്ച നടത്താനായിരുന്നു ആദ്യം ആലോചിച്ചത്. എന്നാൽ ബന്ധുക്കളുടെ തർക്കത്തെ തുടർന്ന് വെള്ളിയാഴ്ച തന്നെ സംസ്കാരം നടത്തുകയായിരുന്നു.