തിരുവനന്തപുരം :പൊലീസ് ദമ്പതികളുടെ മരണം വിശ്വസിക്കാനാകാതെ സമീപവാസികൾ. അടുത്തകാലത്തായി ഇവർക്കിടയിലുണ്ടായ സ്വരചേർച്ചയില്ലായ്മയാണ് ദുരന്തത്തിനു കാരണമായത്. ഇടയ്ക്കിടെ കുടുംബപ്രശ്‌നങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും ഇങ്ങനെയൊരു അത്യാഹിതം സംഭവിക്കുമെന്ന് അയൽവാസികൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

30 വർഷം മുൻപ് തൊഴുവൻകോട് ഇടപ്പറമ്പിൽ ഇവർ താമസത്തിനെത്തുമ്പോൾ രണ്ടു പൊലീസ് ഉദ്യോഗസ്ഥർ സമീപത്തുണ്ടാകുമെന്ന ധൈര്യമായിരുന്നു നാട്ടുകാർക്കെന്ന് സമീപവാസിയായ ജഗദമ്മ പറഞ്ഞു.

ആനയറ അരശുംമൂട് സ്വദേശിയായ പൊന്നനും വർക്കല പാളയംകുന്ന് സ്വദേശിനിയായ ലീലയും തമ്മിൽ പൊലീസ് സർവീസിനിടെയാണ് പരിചയത്തിലായത്. എ.ആർ ക്യാമ്പിലെ പൊലീസുകാരനായിരുന്ന പൊന്നനും പൊലീസ് ട്രെയിനിയായി ക്യാമ്പിലെത്തിയ ലീലയും ഒടുവിൽ പ്രണയത്തിലാകുകയും അത് വിവാഹത്തിലെത്തുകയുമായിരുന്നു. ആദ്യ ഭർത്താവ് പൊലീസിൽ യു.ഡി ക്ലാർക്കായിരുന്ന കെ.സി.ഗോപാലൻ മരിച്ചതിനെ തുടർന്ന് ആശ്രിത നിയമനമായിട്ടാണ് ലീലയ്ക്ക് വനിതാ കോൺസ്റ്റബിളായി ജോലി ലഭിച്ചത്. മുൻ ഭർത്താവിൽ ഇവർക്കുള്ള മൂന്നു മക്കളും വർക്കലയിലാണ് ഇപ്പോൾ താമസം.

അടുത്തകാലത്തായി ഒരേ വീട്ടിൽ രണ്ട് മുറികളിലാണ് പൊന്നനും ലീലയും കഴിഞ്ഞിരുന്നത്.ഇവർക്കിടയിലെ കലഹം രൂക്ഷമായപ്പോൾ ലക്ഷങ്ങൾ മുടക്കി ഒരു ഇരുനില മന്ദിരം പൊന്നൻ പഴയ വീടിന് അഭിമുഖമായി നിർമ്മിച്ചു. തുടർന്ന് പുതിയ വീട്ടിൽ പൊന്നൻ ഇവരുടെ ബന്ധത്തിൽ ജനിച്ച രണ്ടുപെൺമക്കളുമായി താമസവും തുടങ്ങി. പിന്നീട് ലീല മാത്രമായി പഴയവീട്ടിൽ. ഇരുവരും ചേർന്ന് ആദ്യം വാങ്ങിയ പഴയവീട് ഇതിനിടെ പൊന്നൻ അറിയാതെ പണയപ്പെടുത്തി ലീല പണം കടം വാങ്ങിയതു സംബന്ധിച്ചും നിരന്തരം വഴക്കുനടക്കുമായിരുന്നെന്ന് നാട്ടുകാർ പറയുന്നു.