വട്ടിയൂർക്കാവ്: ഭർത്താവിന്റെ ക്രൂര മർദ്ദനമേറ്റ് ആശുപത്രിയിൽ മരണപ്പെട്ട ലീല തന്റെ അവസാന നാളുകളിൽ നയിച്ചിരുന്നത് ഏകാന്ത ജീവിതം. പൊന്നൻ-ലീല ദമ്പതികളുടെ 30 വർഷത്തെ ദാമ്പത്യം പൊരുത്തക്കേടുകൾ നിറഞ്ഞതായിരുന്നെന്ന് പ്രദേശവാസികൾ പറയുന്നു. കഴിഞ്ഞ മാസമുണ്ടായ ശക്തമായ മഴയിൽ ഇവരുടെ വീട്ടിൽ വെള്ളം കയറുകയും വീട്ടുപകരണങ്ങൾ നശിക്കുകയും ചെയ്തു. വീട്ടിലെ സോഫയിൽ വിഷാദയായി ഇരിക്കുന്ന ലീലയുടെ ചിത്രം പത്രങ്ങളിൽ വന്നതോടുകൂടി ഇവർക്ക് നിരവധിപേർ സഹായവുമായെത്തി. അപ്പോഴും ഭർത്താവിൽ നിന്ന് യാതൊരു സഹായവും ലഭിച്ചിരുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു. ഏകാന്തവാസത്തിനിടയിലും തന്റെ മക്കളെ കാണുന്നതിനുവേണ്ടി ഇവർ പുതിയ വീട്ടിൽ എത്തുമായിരുന്നു. മക്കളുമായി സംസാരിക്കുന്നതിനിടയിൽ ലീലയെ പ്രകോപിതനായ ഭർത്താവ് പൊന്നൻ തടിക്കഷ്ണവും കമ്പിയും ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു. അത് മരണത്തിനു കാരണമായി മാറി.