ക്രിസ്റ്റ്യാനോ റൊണാൾഡോ പെനാൽറ്റി മിസാക്കിയിട്ടും യുവന്റസ് കോപ്പ ഇറ്റാലിയ ഫൈനലിൽ
രണ്ടാംപാദ സെമിയിൽ എ.സി. മിലാനുമായി ഗോൾരഹിത സമനില
യുവന്റസിനെ ഫൈനലിലെത്തിച്ചത് ആദ്യപാദത്തിലെ എവേ ഗോൾ
ടൂറിൻ : മൂന്നുമാസത്തോളം കളിക്കളത്തെ മിസ് ചെയ്തിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ പെനാൽറ്റി മിസാക്കി തിരിച്ചെത്തി.
എ.സി. മിലാനെതിരായ ഇറ്റാലിയൻ കപ്പിന്റെ രണ്ടാം സെമിഫൈനലിലാണ് യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പെനാൽറ്റി മിസാക്കിയത്. കൊവിഡ് ലോക്ക് ഡൗണിന് ശേഷം ഇറ്റലി വേദിയായ ആദ്യ പ്രൊഫഷണൽ ഫുട്ബാൾ മത്സരമായിരുന്നു ഇത്. യുവന്റസിന്റെ തട്ടകമായ ടൂറിനിലെ അലിയൻസ് സ്റ്റേഡിയത്തിൽ കാണികളില്ലാതെ നടന്ന മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചപ്പോൾ ആദ്യപാദത്തിലെ എവേ ഗോളിന്റെ മികവിൽ യുവന്റസ് ഫൈനലിലെത്തി. ഫെബ്രുവരിയിൽനടന്ന ആദ്യപാദ സെമിയിൽ ഇരുടീമുകളും ഒാരോ ഗോളടിച്ച് പിരിയുകയായിരുന്നു.
കൊവിഡിൽനിന്ന് മുക്തനായ സൂപ്പർതാരം പൗലോ ഡിബാലയെ ഫസ്റ്റ് ഇലവനിൽ ഉൾപ്പെടുത്തിയാണ് യുവന്റസ് കളിക്കാനിറങ്ങിയത്. രോഗത്തിൽ നിന്ന് മോചിതനായ മറ്റൊരു താരം ഡാനിയേല റുഗാനി ബെഞ്ചിലിരുന്നു.
ആദ്യപാദ സെമിയിൽ പെനാൽറ്റിയിലൂടെ സ്കോർ ചെയ്തിരുന്ന ക്രിസ്റ്റ്യാനോയ്ക്ക് ഇന്നലെ മത്സരത്തിന്റെ തുടക്കത്തിൽതന്നെ പെനാൽറ്റി ചാൻസ് ലഭിച്ചിരുന്നു. 16-ാം മിനിട്ടിൽ കൈമുട്ടുകൊണ്ട് ക്രിസ്റ്റ്യാനോയെ കോൻടി ബ്ളോക്ക് ചെയ്തത് റഫറി അവഗണിച്ചെങ്കിലും വീഡിയോ റഫറലിലൂടെ പെനാൽറ്റി അനുവദിക്കുകയായിരുന്നു. എന്നാൽ റൊണാൾഡോയുടെ കിക്ക് മിലാൻ ഗോളി ഡൊണ്ണാറുമ്മയുടെ വിരലിൽ തട്ടി പന്ത് പുറത്തേക്ക് പോവുകയായിരുന്നു.
എന്നാൽ ഇൗ ആശ്വാസത്തിന്റെ ദീർഘശ്വാസം വിടുന്നതിനുമുമ്പേ മിലാന് അടുത്ത അപകടം സംഭവിച്ചു. ഡാനിലോയെ ചവിട്ടിവീഴ്ത്തിയതിന് ആന്റേ റെബിച്ചിന് സ്ട്രെയ്റ്റ് റെഡ് കാർഡ് നൽകുകയായിരുന്നു റഫറി. മത്സരത്തിന്റെ ഭൂരിഭാഗം സമയവും 10 പേരുമായി കളിച്ചെങ്കിലും യുവന്റസിന് ഗോളടിക്കാനുള്ള മാർഗങ്ങൾ അടയ്ക്കുന്നതിൽ മിലാൻ വിജയിച്ചു. പക്ഷേ എവേ ഗോൾ അവിടെ യുവന്റസിന്റെ രക്ഷയ്ക്കെത്തി.
അതേസമയം മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം കളിക്കളത്തിലേക്ക് തിരികെയെത്തിയ ക്രിസ്റ്റ്യാനോയുടെ പ്രകടനം കാണികൾക്ക് ആവേശം പകരുന്നതായില്ല. ഇൗവർഷം മിക്കവാറും എല്ലാമത്സരങ്ങളിലും ഗോളടിച്ചിരുന്ന ക്രിസ്റ്റ്യാനോ കളിമറന്ന പോലെയായിരുന്നു. പലപ്പോഴും മിലാൻ പ്രതിരോധത്തെ കബളിപ്പിക്കുന്നതിലും ഗോൾ അവസരങ്ങൾ ഒരുക്കുന്നതിലും ക്രിസ്റ്റ്യാനോ പരാജയമായിരുന്നു.
കൊവിഡിനെത്തുടർന്ന് മരണപ്പെട്ടവർക്കായി ഒരുമിനിട്ട് മൗനപ്രാർത്ഥന നടത്തിയവർക്ക് ശേഷമാണ് മത്സരം തുടങ്ങിയത്. ആരോഗ്യപ്രവർത്തകരെ അഭിനന്ദിക്കാൻ ആഘോഷം മുഴക്കുകയും ചെയ്തു. അമേരിക്കയിലെ ജോർജ് ഫ്ളോയ്ഡ് സംഭവത്തിന്റെ പശ്ചാത്തലത്തിൽ മിലാൻ താരങ്ങൾ 'ബ്ളാക്ക് ലൈവ്സ് മാറ്റർ" മുദ്രാവാക്യവും യുവന്റ്സ് താരങ്ങൾ 'നോ ടു റേസിസം" മുദ്രാവാക്യവും പതിച്ച ജഴ്സിയണിഞ്ഞാണ് വാം അപ്പ് നടത്തിയത്.
സെരി എ 20 മുതൽ
ഇൗമാസം 20 നാണ് ഇറ്റാലിയൻ സെരി എ മത്സരങ്ങൾ പുനരാരംഭിക്കുന്നത്. അന്ന് ടോറിനോയും പാർമയും തമ്മിലാണ് മത്സരം. 22ന് ബൊളോഞ്ഞയുമായാണ് യുവന്റസിന്റെ തിരിച്ചുവരവിലെ ആദ്യമത്സരം.
ബൊറൂഷ്യയ്ക്ക് ജയം,ബയേൺ കാത്തിരിക്കണം
ബെർലിൻ : ജർമ്മൻ ബുണ്ടസ് ലിഗ ഫുട്ബാളിൽ ഇന്നലെ നടന്ന മത്സരത്തിൽ ബൊറൂഷ്യ ഡോർട്ട്മുണ്ട് ഏകപക്ഷീയമായ ഒരു ഗോളിന് ഡസൽഡോർഫിനെ തോൽപ്പിച്ചു. സമനിലയിലേക്കെന്ന് തോന്നിപ്പിച്ച മത്സരത്തിന്റെ ഇൻജുറി ടൈമിൽ ഹാലാൻഡാണ് ബൊറൂഷ്യയ്ക്ക് ജയം നൽകിയത്. ഇതോടെ മോൺഷെംഗ്ളാബാഷിനെതിരായ മത്സരത്തിൽ ജയിച്ച് കിരീടമുറപ്പിക്കാനിരുന്ന ബയേൺ മ്യൂണിക്കിന് അതിനായി ഇനിയും കാത്തിരിക്കണം.
റയൽ ഇന്ന് കളത്തിൽ
മാഡ്രിഡ് : സ്പാനിഷ് സൂപ്പർ ക്ളബ് റയൽ മാഡ്രിഡ് ഇന്ന് വീണ്ടും കളിക്കളത്തിലേക്ക്. ഇന്ത്യൻ സമയം രാത്രി 11.30ന് നടക്കുന്ന മത്സരത്തിൽ എയ്ബറാണ് റയലിന്റെ എതിരാളി. 27 മത്സരങ്ങളിൽനിന്ന് 56 പോയിന്റുമായി റയൽ ലാലിഗയിൽ രണ്ടാം സ്ഥാനത്താണ്. 27 കളികളിൽനിന്ന് 58 പോയിന്റുള്ള ബാഴ്സലോണയാണ് ഒന്നാമത്.