തിരുവനന്തപുരം: ' മകന്റെ അകാലമരണത്തിൽ നെഞ്ചുപൊട്ടിയാണ് ‌ഞങ്ങളുടെ അമ്മ മരിച്ചത്. സത്യം പുറത്തുവന്നാലേ അവരുടെ ആത്മാവിനു ശാന്തി ലഭിക്കൂ. അതിനാണ് കല്ലറതുറന്ന് പോസ്റ്റുമോർട്ടം നടത്തണമെന്ന് ആവശ്യപ്പെട്ടത്.' പൊഴിയൂരിൽ മരിച്ച ജോണിന്റെ സഹോദരി ലീൻ മരിയ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞ വാക്കുകളാണിത്. ജോൺ മരിച്ച് 70 തികഞ്ഞ മേയ് 16നായിരുന്നു അമ്മ സെലിൻ മരിച്ചത്. ജോണിന്റെ മരണത്തിന് ശേഷം സമനില തെറ്റിയ നിലയിലായിരുന്നു ഇവർ. കഠിനാദ്ധ്വാനിയായിരുന്നു ജോണെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. 30 വർഷം വിദേശത്ത് ജോലിചെയ്‌ത ശേഷം ഏഴ് വർഷം മുമ്പ് നാട്ടിലെത്തി. തുടർന്ന് മത്സ്യബന്ധനത്തിന് ഇറങ്ങി. സ്വന്തമായി ബോട്ട് ഉൾപ്പെടെ ഉണ്ടായിരുന്നു. അതുവിറ്റ് 2019ൽ മകളുടെ വിവാഹം ആർഭാടത്തോടെ നടത്തി. ജോണിന് വേറെയും സമ്പാദ്യങ്ങളുണ്ട്. സ്വത്തിനെച്ചൊല്ലിയുള്ള തർക്കമാണ് മരണത്തിലെത്തിയതെന്നും ബന്ധുക്കൾ പറയുന്നു.

മരണത്തിലെ ദുരൂഹതകൾ ഇങ്ങനെ :- മരണം നടന്ന മാർച്ച് ആറിന് രാത്രി 10ഓടെ ജോൺ മരുമകനെ വിളിച്ച് വീട്ടിലുള്ളവരുടെ പീഡനം താങ്ങാൻ കഴിയുന്നില്ലെന്ന് പറഞ്ഞു. 12 ഓടെയാണ് രണ്ട് കിലോ മീറ്റർ ചുറ്റളവിൽ താമസിക്കുന്ന ലീൻ മരിയയെ മറ്റൊരു സഹോദരൻ മരണവിവരം അറിയിച്ചത്. മറ്റൊരു വീട്ടിലാണ് ജോണിന്റെ അച്ഛനും അമ്മയും താമസിച്ചിരുന്നത്. ഇവരെയും കൂട്ടി പരുത്തിയൂരിലെ ജോണിന്റെ വീട്ടിലെത്തിയപ്പോൾ ജോണിനെ നിലത്ത് കിടത്തിയിരിക്കുന്നതാണ് കണ്ടത്. തലയും താടിയെല്ലും ചേർത്ത് തുണികൊണ്ട് കെട്ടിയിരുന്നു. ഇതിനിടയിൽ പഞ്ഞി തിരുകിക്കയറ്റിയ നിലയിലായിരുന്നു. ജോണിന്റെ ഭാര്യ സെൽവി, മൂത്തമകൻ രാജൻ, മകൾ രാജിഷ എന്നിവരും സെൽവിയുടെ ബന്ധുക്കളും സമീപത്തുണ്ടായിരുന്നു. ജോണിന്റെ ബന്ധുക്കളെ മൃതദേഹത്തിൽ തൊടാനോ അന്ത്യചുംബനം നൽകാനോ ജോണിന്റെ ഭാര്യയും മക്കളും അവരുടെ ബന്ധുക്കളും സമ്മതിച്ചില്ലെന്ന് ലീൻ മരിയ പറഞ്ഞു. ഹൃദയാഘാതമായിരുന്നെന്നും മൂന്ന് ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും അവർ പറഞ്ഞു. ഉടൻ മൂത്തമകൻ ആംബുലൻസ് വിളിച്ച് മൃതദേഹം സമീപത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. രണ്ടാമത്തെ മകൻ ആർമിയിലായതിനാൽ പിറ്റേന്ന് എത്തിയ ശേഷം അടക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഏഴിന് വൈകിട്ട് നാലോടെ പരുത്തിയൂർ മറിയം മഗ്ദലനം പള്ളിസെമിത്തേരിയിൽ അടക്കം കഴിഞ്ഞു. എന്നാൽ മകനെത്തിയത് രാത്രി ഏഴിനാണ്. മൃതദേഹം എത്രയും വേഗം അടക്കണമെന്നതും ദുരൂഹമായിരുന്നെന്നാണ് ആരോപണം. മരണാന്തര ചടങ്ങുകളിൽ ജോണിന്റെ വീട്ടുകാർ പങ്കെടുത്തെങ്കിലും മൃതദേഹത്തിൽ തൊടാൻ അവരെ അനുവദിച്ചില്ല. മൃതദേഹം അടക്കം ചെയ്‌താൽ അതിന് മുകളിൽ ഉടനെ കോൺക്രീറ്റ് ചെയ്യുന്ന പതിവ് ഇപ്പോൾ ഈ സെമിത്തേരിയിലില്ല. എന്നാൽ ജോണിന്റെ കല്ലറയിൽ കോൺക്രീറ്റ് ചെയ്‌തിരുന്നു. പതിവില്ലാതെ ഈ കല്ലറയിൽ മാത്രം എങ്ങനെ കോൺക്രീറ്റ് സ്ഥാപിച്ചെന്ന ചോദ്യവുമായി നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്. പോസ്റ്റുമോർട്ടം ഫലം വരുന്നതോടെ ദുരൂഹത ചുരുളഴിയുമെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും പ്രതീക്ഷ.