തിരുവനന്തപുരം : കവിതയിലും ജീവിതത്തിലും മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച വിപ്ലവകാരിയായിരുന്നു പഴവിള രമേശനെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. തൊഴിലാളി സമരങ്ങളുടെ ഈറ്റില്ലമായ കൊല്ലത്ത് ജനിച്ചുവളർന്ന രമേശൻ അടിയുറച്ച കമ്മ്യൂണിസ്റ്റായിരുന്നെന്നും അനുസ്മരിച്ചു.
പഴവിള രമേശനെക്കുറിച്ചുള്ള ഓർമ്മകളും പഠനങ്ങളും അടങ്ങുന്ന 'അണയാത്ത ജ്വാല" എന്ന പുസ്തകം കവിയുടെ വസതിയിൽ അദ്ദേഹത്തിന്റെ ഒന്നാം ചരമവാർഷികത്തിൽ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രഭാവർമ്മ പുസ്തകം ഏറ്റുവാങ്ങി. ഡോ.വിളക്കുടി രാജേന്ദ്രൻ സമ്പാദനവും പഠനവും നിർവഹിച്ച കൃതി ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ് പ്രസിദ്ധീകരിച്ചത്. കവിയുടെ പേരിൽ ആരംഭിച്ച www.pazhavilaramesan.org എന്ന വെബ് സൈറ്റിന്റെ ഉദ്‌ഘാടനവും മന്ത്രി നിർവഹിച്ചു.
എം.ആർ.തമ്പാൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.വിളക്കുടി രാജേന്ദ്രൻ, ഡോ.ആർ. സരിതകുമാരി, ഡോ.സമദർശി, സുനിൽ.സി.ഇ, ഡോ.വി.സന്തോഷ്, സുഭാഷ് ബാബു, പഴവിളയുടെ ഭാര്യ ടി.രാധാ രമേശൻ, മക്കളായ സൂര്യ സന്തോഷ്, സൗമ്യ സുഭാഷ് എന്നിവർ പങ്കെടുത്തു.