vasant-raiji

മുംബയ് : ലോകത്തെ ഏറ്റവും പ്രായമേറിയ പുരുഷ ഫസ്റ്റ് ക്ളാസ് ക്രിക്കറ്റർ വസന്ത് റായ്‌ജി മുംബയിൽ നിര്യാതനായി. അദ്ദേഹത്തിന് 100 വയസായിരുന്നു.

ബറോഡയിൽ 1920 ൽ ജനിച്ച റായ്ജി രഞ്ജി ട്രോഫിയിൽ ബോംബെയുടെയും ബറോഡയുടെയും ഒാപ്പണറായിരുന്നു. ഒൻപത് ഫസ്റ്റ് ക്ളാസ് മത്സരങ്ങളിൽനിന്ന് 23.08 ശരാശരിയിൽ അദ്ദേഹം 277 റൺസ് നേടിയിട്ടുണ്ട്. 68 റൺസാണ് ഉയർന്ന സ്കോർ. 1941 ൽ നടന്ന ബോംബെ പെന്റാംഗുലർ ടൂർണമെന്റിൽ ഹിന്ദൂസ് ടീമിന്റെ റിസർവായിരുന്നു റായ്ജി. 1944-45 സീസണിൽ ബറോഡയ്ക്ക് വേണ്ടി മുംബയ്ക്ക് എതിരെയാണ് അദ്ദേഹം തന്റെ ഉയർന്ന സ്കോറുകൾ നേടിയത്. ഇദ്ദേഹത്തിന്റെ അനുജൻ മദനും ബോംബേയ്ക്ക് വേണ്ടി രഞ്ജി ട്രോഫിയിൽ കളിച്ചിട്ടുണ്ട്.

കളിക്കളത്തിൽനിന്ന് വിരമിച്ചശേഷം എഴുത്തുകാരനായി മാറിയ റായ്ജി ഇന്ത്യൻ ക്രിക്കറ്റിന്റെ ആദ്യകാല ചരിത്രത്തെപ്പറ്റി നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ക്രിക്കറ്റ് ചരിത്രകാരനായി മാറിയ റായ്ജിയുടെ ദക്ഷിണ മുംബയിലെ വീട്ടിൽ സച്ചിൻ ടെൻഡുൽക്കറും സ്റ്റീവ് വോയും ഉൾപ്പെടെയുള്ളവർ സന്ദർശനം നടത്തിയിട്ടുണ്ട്. ഇൗവർഷം ജനുവരി 26നാണ് റായ്ജി നൂറാം പിറന്നാൾ ആഘോഷിച്ചത്. തന്റെ ഫോട്ടോഗ്രാഫി പര്യടനവുമായി ഇന്ത്യയിലെത്തിയ സ്റ്റീവ് സച്ചിനൊപ്പമാണ് റായ്ജിയുടെ വീട്ടിലെ ജന്മദിനാഘോഷത്തിൽ പങ്കെടുത്തത്.

2016 ൽ ബി.കെ. ഗരുഡാചർ അന്തരിച്ചപ്പോഴാണ് റായ്ജി ഇന്ത്യയിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമേറിയ ഫസ്റ്റ് ക്ളാസ് ക്രിക്കറ്ററായി മാറിയത്.

ഇൗവർഷം മാർച്ച് ഏഴിന് ഹാംഷയറിന്റെ ജോൺ മാനേഴ്സ് അന്തരിച്ചതോടെ ലോകത്തെ ജീവിച്ചിരിക്കുന്ന പ്രായമേറിയ ഫസ്റ്റ് ക്ളാസ് ക്രിക്കറ്ററുമായി.

റായ്ജിയുടെ വിയോഗം എന്നെ ദുഃഖിപ്പിക്കുന്നു. ഇൗവർഷമാദ്യം അദ്ദേഹത്തിന്റെ നൂറാം പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചിരുന്നു. ക്രിക്കറ്റിനോടുള്ള അദ്ദേഹത്തിന്റെ ആവേശം എന്നെ പ്രചോദിപ്പിച്ചിരുന്നു.

സച്ചിൻ ടെൻഡുൽക്കർ