k

പത്തനാപുരം: അടച്ചിട്ട വീട്ടിൽ മോഷണം നടത്തുന്നതിനിടെ നാട്ടുകാർ പിടികൂടിയ കള്ളനെ പൊലീസിന് കൈമാറി. പത്തനാപുരം കുണ്ടയം തെക്കുവിളയിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. റജീന മൻസിലിൽ ഹാജിറയുടെ വീട്ടിലാണ് മോഷണ ശ്രമം നടന്നത്. വീട്ടിന്റെ ജനൽ തകർത്ത് കമ്പി വളച്ച് മോഷ്ടാക്കൾ അകത്ത് കടക്കുകയായിരുന്നു. ശബ്ദം കേട്ട് എത്തിയ അയൽവാസികൾ ചേർന്ന് മോഷ്ടാക്കളിൽ ഒരാളെ പിടികൂടി പത്തനാപുരം പൊലീസിന് കൈമാറി. മറ്റൊരാൾ ഓടി രക്ഷപ്പെട്ടു. നിരവധി മോഷണക്കേസിലെ പ്രതിയായ പുനലൂർ സ്വദേശി വഹാബാണ് (54) പിടിയിലായത്. വിരലടയാള വിദഗ്ദ്ധ‌ർ സ്ഥലത്തെത്തി പരിശോധന നടത്തി. കിഴക്കൻ മേഖലയിൽ അടുത്തിടെ നടന്ന മോഷണക്കേസുകളിൽ പ്രതിക്ക് പങ്കുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്. വഹാബിനെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണന്ന് പത്തനാപുരം സി.ഐ രാജീവ് അറിയിച്ചു.