sourav-akhtar

താൻ നേരിട്ട ഏറ്റവും ധീരനായ

ബാറ്റ്സ്മാൻ സൗരവ് ഗാംഗുലിയെന്ന്

ഷൊയ്ബ് അക്‌തർ

ലാഹോർ : താൻ പന്തുകളെ ഏറ്റവും ധൈര്യത്തോടെ നേരിട്ടത് മുൻ ഇന്ത്യൻ ക്യാപ്ടനും ഇപ്പോൾ ബി.സി.സി. ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയാണെന്ന് പാകിസ്ഥാന്റെ മുൻ അതിവേഗ ബൗളർ ഷൊയ്ബ് അക്തർ. ഹലോ ആപ്പിൽ നൽകിയ ഒരു അഭിമുഖത്തിലാണ് അക്തർ ഗാംഗുലിയെ പ്രശംസകൊണ്ട് മൂടിയത്.

സൗരവിന് തന്റെ വേഗത്തെ ഭയമായിരുന്നുവെന്ന വാദങ്ങൾ അക്‌‌തർ തള്ളിക്കളഞ്ഞു. ന്യൂബാളുമായെത്തുന്ന തന്നെ നേരിടാൻ മനക്കരുത്ത് കാട്ടിയ ഏക ഒാപ്പണർ സൗരവായിരുന്നുവെന്നാണ് ഷൊയ്ബിന്റെ സാക്ഷ്യപത്രം. ദേഹത്ത് പന്തുകൊണ്ടാലും പേടിച്ചോടുന്ന പ്രകൃതക്കാരനായിരുന്നില്ല സൗരവ് എന്നും അക്‌തർ കൂട്ടിച്ചേർത്തു.

പണ്ട് ഒരു ഏകദിനത്തിൽ തന്റെ പന്ത് നെഞ്ചിൽകൊണ്ട് ക്രീസിൽ വീണ ഗാംഗുലിയുടെ വീഡിയോ അടുത്തിടെ അക്‌തർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. തനിക്കെതിരെ സിക്സുകൾ നേടുന്ന വീഡിയോ ഐ.സി.സി. പോസ്റ്റ് ചെയ്തപ്പോഴായിരുന്നു ഇത്.

താൻ എതിരിട്ട ഇന്ത്യൻ ക്യാപ്ടൻമാരിൽ ഏറ്റവും ബെസ്റ്റ് ഗാംഗുലിയായിരുന്നുവെന്നും അക്‌തർ ചൂണ്ടിക്കാട്ടി. സൗരവിനെക്കാൾ മികച്ച ഒരു ക്യാപ്ടന് ഇന്ത്യ ജന്മം നൽകിയിട്ടില്ലെന്നും അക്‌തർ പറഞ്ഞു.

ധോണി മികച്ച ക്യാപ്ടനാണെങ്കിലും ടീമിനെ പടുത്തുയർത്താൻ കാട്ടിയ മിടുക്കിൽ സൗരവിന് താഴെയേ നിൽക്കൂവെന്നും അക്‌തർ പറഞ്ഞു.

കളിക്കളത്തിൽ അക്‌തറും സൗരവും എതിർചേരിയിലായിരുന്നുവെങ്കിലും അതിന് പുറത്ത് ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു. 2008 ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി ഐ.പി.എല്ലിൽ സൗരവ് ഗാംഗുലിക്ക് കീഴിലാണ് അക്‌തർ കളിച്ചത്.

'സൗരവിന്റെ നെഞ്ച് നോക്കി ഞാൻ പന്തെറിഞ്ഞിട്ടുണ്ട്. അത് കളിക്കാൻ കഴിയില്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നിട്ടും ഭയന്നോടിയിട്ടില്ല. ഏറുകൊണ്ടു വീണിട്ടും ബാറ്റിംഗ് തുടർന്ന് റൺസ് നേടിയിട്ടുമുണ്ട്. അതിനെയാണ് ഞാൻ ധൈര്യമെന്ന് വിളിക്കുന്നത്.

- ഷൊയ്ബ് അക്‌തർ .