borrussia
borrussia

ബെർലിൻ : ജർമ്മൻ ബുണ്ടസ് ലിഗ ഫുട്ബാളിൽ ഇന്നലെ നടന്ന മത്സരത്തിൽ ബൊറൂഷ്യ ഡോർട്ട്മുണ്ട് ഏകപക്ഷീയമായ ഒരു ഗോളിന് ഡസൽഡോർഫിനെ തോൽപ്പിച്ചു. സമനിലയിലേക്കെന്ന് തോന്നിപ്പിച്ച മത്സരത്തിന്റെ ഇൻജുറി ടൈമിൽ ഹാലാൻഡാണ് ബൊറൂഷ്യയ്ക്ക് ജയം നൽകിയത്. ഇതോടെ മോൺഷെംഗ്ളാബാഷിനെതിരായ മത്സരത്തിൽ ജയിച്ച് കിരീടമുറപ്പിക്കാനിരുന്ന ബയേൺ മ്യൂണിക്കിന് അതിനായി ഇനിയും കാത്തിരിക്കണം.

മറ്റൊരു മത്സരത്തിൽ ആർ.ബി ലെയ്പ് സിഗ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഹോഫൻഹേയ്മിനെ തോൽപ്പിച്ചു. ഒൻപതാംമിനിട്ടിലും 11-ാം മിനിട്ടിലും ഡാനിയേൽ ഒാൾമോയാണ് ലെയ്‌പ്‌സി ഗിനായി രണ്ട് ഗോളുകളും നേടിയത്. ഇതോടെ 31 മത്സരങ്ങളിൽനിന്ന് 62 പോയിന്റുമായി ലെയ്‌പ്‌സിഗ് പട്ടികയിൽ മൂന്നാംസ്ഥാനത്ത് തുടരുകയാണ്.

റയൽ മാഡ്രിഡ് ഇന്ന് കളത്തിലിറങ്ങുന്നു

മാഡ്രിഡ് : സ്പാനിഷ് സൂപ്പർ ക്ളബ് റയൽ മാഡ്രിഡ് ഇന്ന് വീണ്ടും കളിക്കളത്തിലേക്ക്. ഇന്ത്യൻ സമയം രാത്രി 11.30ന് നടക്കുന്ന മത്സരത്തിൽ എയ്‌ബറാണ് റയലിന്റെ എതിരാളി. റയലിന്റെ ഹോംമാച്ചാണെങ്കിലും സ്ഥിരം വേദിയായ സാന്റിയാഗോ ബെർണബ്യൂവിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പരിശീലന വേദിയായ ഡിസ്‌റ്റെഫാനോ സ്റ്റേഡിയത്തിലാണ് മത്സരം.

27 മത്സരങ്ങളിൽനിന്ന് 56 പോയിന്റുമായി റയൽ ലാലിഗയിൽ രണ്ടാം സ്ഥാനത്താണ്. 27 കളികളിൽനിന്ന് 58 പോയിന്റുള്ള ബാഴ്സലോണയാണ് ഒന്നാമത്. ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ അത്‌ലറ്റിക്കോ മാഡ്രിഡ് അത്‌ലറ്റിക് ക്ളബിനെ നേരിടും. വൈകിട്ട് 5.30 മുതലാണ് മത്സരം.