ലോകകപ്പ് നടക്കുമെന്നും പ്രതീക്ഷ
സിഡ്നി : സ്റ്റേഡിയങ്ങളിൽ പരിമിതമായ തോതിൽ കാണികളെ പ്രവേശിപ്പിക്കാൻ ആസ്ട്രേലിയൻ സർക്കാർ തീരുമാനിച്ചതോടെ ഇൗവർഷം ഒക്ടോബർ - നവംബർ മാസങ്ങളിൽ നിശ്ചയിച്ചിരിക്കുന്ന ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റ് മാറ്റിവയ്ക്കേണ്ടിവരില്ലെന്ന് സൂചന.
അടുത്തമാസം മുതൽ 40000 പേർക്ക് എങ്കിലും ഇരിക്കാവുന്ന സ്റ്റേഡിയങ്ങളിൽ 10000 പേർക്കുവരെ പ്രവേശനം നൽകുമെന്നാണ് ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ അറിയിച്ചത്.
ഇതോടെയാണ് ലോകകപ്പ് നടക്കുമെന്ന പ്രതീക്ഷ വീണ്ടും മുളപൊട്ടിയത്. ലോകകപ്പിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പര്യടനവും നിശ്ചയിച്ചിട്ടുണ്ട്. ഇൗ പര്യടനങ്ങളിലും ഗാലറിയിൽ കാണികളുണ്ടാകും.
അതേസമയം ലോകകപ്പ് നടക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ കഴിഞ്ഞ രണ്ട് ബോർഡ് യോഗങ്ങളിലും തീരുമാനമായിട്ടില്ല. ഒരുമാസം കൂടി കാത്തിരിക്കാനാണ് ഐ.സി.സി തീരുമാനം.