തിരുവനന്തപുരം:തലസ്ഥാന നഗരത്തിലെ തലമുതിർന്ന ട്രേഡ് യൂണിയൻ നേതാക്കളിൽ ഒരാളായിരുന്നു ഇന്നലെ അന്തരിച്ച പേട്ട കൃഷ്ണൻകുട്ടി. ജില്ലയിൽ തൊഴിലാളികളുടെ അവകാശപ്പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ അദ്ദേഹം എല്ലാവിഭാഗത്തിലുള്ളവരുമായി സൗഹൃദം സൂക്ഷിച്ചിരുന്നു. 1953 ലാണ് കൃഷ്‌ണൻകുട്ടി അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാകുന്നത്.1964ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്ന് സി.പി.എം രൂപീകരിക്കപ്പെട്ടപ്പോൾ സി.പി.എമ്മിനൊപ്പം നിന്നു. ദീർഘകാലം സി.പി.എം തിരുവനന്തപുരം താലൂക്ക് കമ്മിറ്റി അംഗമായി പ്രവർത്തിച്ചു. സിറ്റി കമ്മിറ്റി രൂപീകരിച്ചപ്പോൾ അതിലും അംഗമായി. 10 വർഷം പേട്ട ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി.വഞ്ചിയൂർ എൽ.സി സെക്രട്ടറിയായി 15 വർഷവും വലിയതുറ എൽ.സി സെക്രട്ടറിയായി ഏഴ് വർഷവും പ്രവർത്തിച്ചു. മൂന്ന് മാസത്തോളമായി അനാരോഗ്യത്തെ തുടർന്ന് ചികിത്സയിലായിരുന്നു. നിലവിൽ സി.പി.എം ജനറൽ ഹോസ്‌പിറ്റൽ ലോക്കൽ കമ്മിറ്റി അംഗമായിരുന്നു.
പ്രസ് തൊഴിലാളിയായി ജീവിതം ആരംഭിച്ച പേട്ട കൃഷ്‌ണൻകുട്ടി പ്രസ് തൊഴിലാളികളെ സംഘടിപ്പിച്ചാണ് ട്രേഡ് യൂണിയൻ രംഗത്ത് സജീവമാകുന്നത്. മദ്യ വ്യവസായ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും ചുമട്ടുതൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും മുൻനിരയിലുണ്ടായിരുന്നു. വിവിധ സമരങ്ങൾക്ക് നേതൃത്വം നൽകിയ അദ്ദേഹം 1986ൽ ജയിൽവാസവും അനുഷ്ഠിച്ചു.വിദേശ മദ്യവ്യവസായ തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം, അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗം, പ്രൈവറ്റ് പ്രസ് വർക്കേഴ്‌സ് യൂണിയൻ ഭാരവാഹി എന്നീ നിലകളിലും മികച്ച പ്രവർത്തനം കാഴ്ചവച്ചു.
മരണ വിവരമറിഞ്ഞ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ, സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, സംസ്ഥാന കമ്മിറ്റി അംഗം കോലിയക്കോട് കൃഷ്‌ണൻനായർ എന്നിവർ വസതിയിലെത്തി അന്ത്യാഞ്ജലിയർപ്പിച്ചു. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി.ഗോവിന്ദൻ, സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി വി.ശിവൻകുട്ടി, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.വിജയകുമാർ, സി.ഐ.ടി.യു ജില്ലാപ്രസിഡന്റ് സി.ജയൻബാബു, ബി.പി.മുരളി, ആർ.രാമു, എ.എ.റഷീദ്, സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ തുടങ്ങിയവർ ആശുപത്രിയിലെത്തി അന്ത്യാഞ്ജലിയർപ്പിച്ചു.