തിരുവനന്തപുരം: പേട്ട പുത്തൻകോവിലിന് മുന്നിൽ അപകട ഭീഷണിയായി നിന്ന മരച്ചില്ലകൾ നഗരസഭയുടെ നേതൃത്വത്തിൽ മുറിച്ചുമാറ്റി. ഇന്നലെ രാത്രി 10ഓടെയാണ് മേയർ കെ. ശ്രീകുമാറിന്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് മരം മുറിച്ചുമാറ്റിയത്. കണ്ടെയ്‌നർ ലോറി പോകുന്നതിനിടെ ശിഖരങ്ങൾ ലോറിക്ക് മുകളിൽ കുരുങ്ങുകയും വൈദ്യുതിബന്ധം തടസപ്പെടുകയും ചെയ്‌തു. ഇതോടെയാണ് ശിഖരങ്ങൾ അടിയന്തരമായി മുറിച്ചുമാറ്റാൻ തീരുമാനിച്ചത്. പേട്ട - പാറ്റൂർ റോഡിൽ അപകടഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ചുമാറ്റണമെന്ന് പേട്ട വാർഡ് കൗൺസിലർ ഡി. അനിൽകുമാർ നേരത്തെ നഗരസഭയോട് ആവശ്യപ്പെട്ടിരുന്നു. സംഭവത്തെ തുടർന്ന് പേട്ട - ജനറൽ ആശുപത്രി റോഡിൽ ഗതാഗതം തടസപ്പെട്ടു.