 ഹോം ക്വാറന്റൈനിലായിരുന്നവരെ മർദ്ദിച്ചു

കുളത്തൂർ: സ്ത്രീകൾ മാത്രമുള്ള വീട്ടിൽ അതിക്രമിച്ചു കയറിയ മൂന്നംഗ ഗുണ്ടാസംഘം വീട് അടിച്ചുതകർക്കുകയും പ്രായമായ സ്ത്രീകളെ മർദ്ദിച്ചെന്നും പരാതി. കുളത്തൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിന് സമീപം മുറിയൻ വിളാകത്ത് വീട്ടിൽ റിട്ട. പഞ്ചായത്ത് ജീവനക്കാരനായ പ്രകാശന്റെ വീട്ടിലാണ് അക്രമം നടന്നത്. പ്രകാശന്റെ ഭാര്യ ലൈല (55) മകൾ പ്രിയങ്ക ( 27) പ്രിയങ്കയുടെ മകൾ ശ്രീലക്ഷമി (11), ഭർത്തൃമാതാവ് ലത (58) എന്നിവർക്കാണ് പരിക്കേറ്റത്. ദിവസങ്ങൾക്ക് മുമ്പ് ബാoഗ്ലൂരിൽ നിന്നെത്തിയ കുടുംബം ഹോം ക്വറന്റൈനിൽ കഴിയുന്നതിനിടെയാണ് സംഭവം. ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ രാത്രി 10ഓടെയാണ് സംഭവം. രണ്ട് ബൈക്കുകളിൽ മാരകായുധങ്ങളുമായെത്തിയ മൂന്നംഗ ഗുണ്ടാ സംഘം യാതൊരു പ്രകോപനവുമില്ലാതെ ആക്രമണം നടത്തുകയായിരുന്നു. ഇരുനില വീടിന്റെ ജനാലകളും വാതിലുകളും ഫർണീച്ചറുകളും അടിച്ചുതകർത്തു. സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷടിച്ച ശേഷമാണ് അക്രമികൾ മടങ്ങിയത്. വീടിന്റെ താഴത്തെ നിലയിൽ വാടകയ്ക്ക് താമസിക്കുന്ന അന്യസംസ്ഥാന സ്വദേശികളായ കുടുംബത്തെയും ഗുണ്ടാസംഘം ഉപദ്രവിച്ചതായി പരാതിയിൽ പറയുന്നു. പൂർവ വൈരാഗ്യമാകാം അക്രമണത്തിന് പിന്നിെലെന്ന് കരുതുന്നതായി തുമ്പ പൊലീസ് പറഞ്ഞു. പ്രിയങ്കയുടെ ഭർത്താവ് സുബിയും അക്രമിസംഘവുമായി നേരത്തെ പ്രശ്‌നങ്ങളുണ്ടായിരുന്നതായി സൂചനയുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.