oil-price-hike-

എറണാകുളം: രാജ്യത്ത് തുടര്‍ച്ചയായ എട്ടാം ദിവസവും പെട്രോളിന്‍റെയും ഡീസലിന്‍റെയും വില വര്‍ദ്ധിപ്പിച്ചു. പെട്രോളിന് 62 പൈസയും ഡീസലിന് 60 പൈസയുമാണ് കൂടിയത്. ഒരാഴ്ചകൊണ്ട് പെട്രോളിന് നാല് രൂപ അമ്പത്തിമൂന്ന്പൈസയും ഡീസലിന് നാല് രൂപ നാല്‍പത്തിയൊന്ന് പൈസയും കൂടി. കൊച്ചിയില്‍ എഴുപത്തിയാറു രൂപ നാലു പൈസയാണ് ഇന്നത്തെ പെട്രോള്‍ നിരക്ക്. ഡീസലിന് എഴുപതു രൂപ പതിനെട്ടുപൈസയാണ് നിരക്ക്.

ലോക്ക് ഡൗണ്‍ സമയത്ത് രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുത്തനെ കുറഞ്ഞെങ്കിലും അതിന്‍റെ ഗുണം ജനങ്ങള്‍ക്ക് നല്‍കാതെ എക്സൈസ് തീരുവ കുത്തനെ കൂട്ടുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. പെട്രോളിന് 13 രൂപയും ഡീസലിന് 16 രൂപയുമായിരുന്നു തീരുവ ഉയര്‍ത്തിയത്. രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില ബാരലിന് 40 ഡോളറില്‍നിന്ന് 38 ഡോളറായിട്ടും ആനുകൂല്യം ജനങ്ങള്‍ക്ക് ലഭിക്കാത്ത അവസ്ഥയാണ്.

രാജ്യാന്തരവിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിയുമ്പോഴാണ് തുടര്‍ച്ചയായ എട്ടാം ദിവസവും രാജ്യത്തെ ഇന്ധന വിലവര്‍ദ്ധന. ചില്ലറ പൈസവച്ച് ദിവസവുമുണ്ടാകുന്ന വര്‍ദ്ധന ചിലരെങ്കിലും അറിഞ്ഞിട്ടില്ല. പക്ഷെ ഒരാഴ്ചയ്ക്കിടെ ഇന്ധനവിലയില്‍ തുടർച്ചയായി കൂടുന്നത് സഹിക്കാവുന്നതിനുമപ്പുറമാണെന്ന് തിരിച്ചറിഞ്ഞ് പ്രതികരിക്കുന്നവരാണ് ഏറെയും.