തിരുവനന്തപുരം: ചാർട്ടർ ചെയ്ത വിമാനങ്ങളിലെത്തുന്ന പ്രവാസികൾക്ക് കൊവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതിൽ പ്രതിഷേധം വ്യാപകമായതോടെ തീരുമാനം പുനപരിശേധിക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ ആരംഭിച്ചു. ഭേദഗതിയോടെ ഉത്തരവ് നാളെ പുതുക്കി ഇറക്കിയേക്കുമെന്നാണ് വിവരം.
821 ചാർട്ടർ വിമാനങ്ങൾക്കാണ് ഇതുവരെ സർക്കാർ അനുമതി നൽകിയത്. ഇതിൽ ജൂൺ 18 വരെ 136 വിമാനങ്ങളെത്തും. ഇതുവരെ 10 വിമാനങ്ങളാണ് വന്നത്. ഇത്രയും വിമാനങ്ങളിൽ രണ്ട് ലക്ഷത്തോളം പേരെത്തുമെന്നാണ് സർക്കാരിന്‍റെ കണക്കുകൂട്ടൽ. അതിൽ നല്ല ശതമാനം രോഗികളാകാനുള്ള സാദ്ധ്യതയുണ്ട് എന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.
കേരളത്തിൽ ഇവരെത്തിയാലുള്ള രോഗവ്യാപന തോത് സർക്കാരിനെ കൂടുതൽ ആശങ്കപ്പെടുത്തിയിട്ടുണ്ട്. ഇതാണ് കൊവിഡ് പരിശോധ നിർബന്ധമാക്കാൻ സർക്കാർ തീരുമാനമെടുത്തത്. എന്നാൽ സർക്കാർ തീരുമാനം വലിയ വിമർശനങ്ങൾക്ക് ഇടയാക്കുകയും പ്രതിപക്ഷത്തിനും പ്രവാസി സംഘടനകൾക്കും സർക്കാരിനെതിരെയുള്ള ആയുദ്ധമാവുകയും ചെയ്ത സാഹചര്യത്തിലാണ് ഇളവിനുള്ള സാദ്ധ്യതകൾ തേടുന്നത്.