ദുബായ് : ചൂട് കൂടി വരുന്ന സാഹചര്യത്തിൽ തൊഴിലാളികൾക്ക് ജോലി സമയത്ത് വിശ്രമമനുവദിച്ചുകൊണ്ടുള്ള ഉച്ച വിശ്രമ സമയ നിയമം യു എ ഇയിൽ നാളെ മുതൽ നിലവിൽ വരും.തുറസായ സ്ഥലങ്ങളിലുള്ള ജോലികൾക്ക് ഉച്ചയ്ക്ക് 12.30 മുതൽ വൈകിട്ട് മൂന്ന് വരെ വിലക്കുണ്ടാകും. ജൂൺ 15 മുതൽ സെപ്തംബർ 15 വരെയാണ് നിയന്ത്രണം.ഉഷ്ണകാലത്ത് തൊഴിലാളികളുടെ സംരക്ഷണാർത്ഥം നടപ്പാക്കുന്ന നിയമം യുഎ.ഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രി നാസിർ ബിൻ ഥാനി അൽ ഹംലിയാണ് പ്രഖ്യാപിച്ചത്.
സ്ഥാപനങ്ങൾ തൊഴിലാളികൾക്കായി എല്ലാ സുരക്ഷാ മാർഗനിർദേശങ്ങളും പാലിക്കണം. നിർജലീകരണം ഒഴിവാക്കാനുള്ള പാനീയങ്ങളും തണുത്ത വെള്ളവും നൽകണം. കൊവിഡ് ജാഗ്രതയുടെ ഭാഗമായുള്ള മുൻകരുതലുകൾക്കും പ്രഥമ സുരക്ഷാ മാനദണ്ഡങ്ങൾക്കും പുറമെയാണിത്.