ബെയ്ജിങ്: കൊവിഡ് കെട്ടടങ്ങി എന്ന് ആശ്വസിച്ചിരുന്ന ചൈനയിൽ വീണ്ടും കൊവിഡ് തലപൊക്കുന്നു. പുതുതായി 57 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഏപ്രിൽ മാസത്തിനു ശേഷം ഏറ്റവും വലിയ പ്രതിദിന വർദ്ധനവാണിത്.ഈവർഷം ആദ്യം ഏർപ്പെടുത്തിയ കർശന ലോക്ക് ഡൗണിന്റെ ഭാഗമായി ചൈനയിൽ വൈറസ് വ്യാപനം വലിയ തോതിൽ നിയന്ത്രണ വിധേയമാക്കിയിരുന്നു.
ബെയ്ജിങ്ങിലെ ഏറ്റവും വലിയ മത്സ്യ-മാംസ വിപണന കേന്ദ്രമായ ഷിൻഫാദി മാർക്കറ്റിലുള്ള ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ വീണ്ടും ആശങ്കയിലാണ് ചൈന. കൊവിഡ് സ്ഥിരീകരിച്ച 57 പേരിൽ 36 പേരും ബെയ്ജിങ്ങിൽ തന്നെ ഉള്ളവരാണെന്ന് ദേശീയ ആരോഗ്യ കമ്മിഷൻ അറിയിച്ചു. മറ്റു രണ്ട് കേസുകൾ വടക്കുകിഴക്കൻ ലിയോണിംഗ് പ്രവിശ്യയിലാണ്.
കൊവിഡ് വീണ്ടും പടരുമോ എന്ന ആശങ്കയിൽ, മാർക്കറ്റിന് സമീപം താമസിക്കുന്നവരോട് വീടുകളിൽ തന്നെ തുടരാൻ ആവശ്യപ്പെട്ടുകൊണ്ട് പുതിയ ലോക്ക് ഡൗണിലേക്ക് കടക്കുകയാണ് ചൈനീസ് ഭരണകൂടം.ബെയ്ജിങ്ങിലെ ഏറ്റവും വലിയ മത്സ്യ-മാംസ വിപണന കേന്ദ്രമായ ഷിൻഫാദി മാർക്കറ്റിലെ തൊഴിലാളികളെ പരിശോധിച്ചപ്പോഴാണ് പുതിയ കൊവിഡ് കേസുകൾ കണ്ടെത്തിയത്.
രോഗ വ്യാപനത്തിന്റെ രണ്ടാം ഘട്ടമാണോ രാജ്യത്ത് നടക്കുന്നതെന്ന ആശങ്കയിലാണ് ആരോഗ്യവിദഗ്ദ്ധർ. ചൈനയിലെ വുഹാനിലാണ് കൊവിഡിന്റെ ഉത്ഭവം. ചൈന പുറത്തുവിട്ട കണക്കനുസരിച്ച് രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 83,075 ആണ്. മരിച്ചത് 4,634 പേർ.