ചെന്നൈ: കൊവിഡ് ശമനമില്ലാതെ തുടരുന്നതിനാൽ ചെന്നൈയിൽ വീണ്ടും സമ്പൂർണലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിനെക്കുറിച്ചുള്ള ആലോചന അധികൃതർ ശക്തമാക്കി. ആരോഗ്യവിദഗ്ധരുമായി മുഖ്യമന്ത്രി ഇക്കാര്യം ചർച്ചചെയ്യുകയാണ്. എന്നാൽ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ഒരുതീരുമാനവും എടുത്തിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്. അതേസമയം ഫാക്ടറികളും വ്യാപാരസ്ഥാപനങ്ങളും അടച്ചിടാൻ ഉടമകൾ ഇതിനകം തീരുമാനിച്ചതായി റിപ്പോർട്ടുണ്ട്.
നിലവിൽ 30258 പേർക്കാണ് ചെന്നൈയിൽ രോഗംബാധിച്ചത്. രോഗം ഭേദമാകുന്നവരുടെ എണ്ണത്തിൽ കുറവാണ് രേഖപ്പെടുത്തുന്നത്.മരണസംഖ്യയും ഉയരുകയാണ്. രോഗബാധിതരുടെ എണ്ണം കൂടുകയും രോഗം ഭേദമാകുന്നവരുടെ എണ്ണം കുറയുകയും ചെയ്തതോടെ ചെന്നൈയിലെ ആശുപത്രികളെല്ലാം നിറഞ്ഞ അവസ്ഥയിലാണ്.പല ആശുപത്രികളും രോഗികളുടെ പ്രവേശനത്തിനായി വെയ്റ്റിംഗ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു തുടങ്ങി. രോഗികളെ പ്രവേശിപ്പിക്കാൻ സ്ഥലമില്ലാത്തതിനാൽ വീടുകളിൽ ചികിത്സയിൽ കഴിയുന്നവരെ നിരീക്ഷണച്ചുമതല ആശുപത്രികൾക്ക് നൽകിയിട്ടുണ്ട്.
അവസ്ഥ ഗുരുതരമായതോടെ പ്രായമേറിയവരും ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരും നഗരത്തിൽ നിന്ന് സ്വയം ഒഴിഞ്ഞുപോവുകയാണ്. മറ്റുജില്ലകളിലേക്ക് പോകാൻ കഴിഞ്ഞദിവസം മാത്രം അയ്യായിരത്തിലധികം പേരാണ് പാസിനായി അപേക്ഷിച്ചത്.
ചെന്നൈയ്ക്ക് സമീപത്തുള്ള പ്രദേശങ്ങളിലും രോഗ ബാധിതരുടെ എണ്ണം കൂടുകയാണ്. ഇത് സ്ഥിതി കൂടുതൽ ഗുരുതരമാകുമോ എന്ന ആശങ്ക ഉയർത്തുന്നുണ്ട്.