തിരുവനന്തപുരം: വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി കേരളത്തിലേക്ക് കൂടുതൽ രാജ്യങ്ങളിൽ നിന്ന് വിമാന സർവീസുകൾ വേണമെന്ന ആവശ്യം ശക്തമാകുന്നു. കേരളം ആവശ്യപ്പെട്ടാൽ വിമാനം അനുവദിക്കാമെന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്. ലാേകത്ത് ഏറ്റവുമധികം കൊവിഡ് റിപ്പോർട്ടുചെയ്ത അമേരിക്കയടക്കമുള്ള രാജ്യങ്ങളിൽ നിന്ന് മൂന്നാം ഘട്ടത്തിലും സംസ്ഥാനത്തേക്ക് വേണ്ടത്ര വിമാനങ്ങളില്ല.
മിഷന്റെ മൂന്നാംഘട്ടത്തിൽ നാൽപ്പത്തിമൂന്ന് രാജ്യങ്ങളിൽ നിന്നുള്ള ഇന്ത്യക്കാരെയാണ് നാട്ടിലെത്തിക്കുന്നത്. എന്നാൽ കേരളത്തിൽ ഇരുപതുരാജ്യങ്ങളിൽ നിന്നായി എഴുപത്താറ് സർവീസുകൾ മാത്രമാണുള്ളത്. അമേരിക്കയിൽ നിന്നടക്കം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്. എന്നാൽ മലയാളികൾക്ക് ഈ സർവീസുകളെ ആശ്രയിക്കാൻ അധികം താത്പര്യമില്ല.
മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള സർവീസുകളെ ആശ്രയിക്കുമ്പോൾ അവിടുത്തെ ക്വാറന്റൈൻ നിബന്ധനകൾ പാലിക്കണം. അവിടത്തെ ക്വാറന്റൈൻ കഴിഞ്ഞ് കേരളത്തിലെത്തിയാൽ വീണ്ടും നിരീക്ഷണത്തിൽ ഇരിക്കണം. ഇതാണ് അന്യസംസ്ഥാനങ്ങളിലേക്കുളള സർവീസുകളാേട് മലയാളികൾ അധികം താത്പര്യം കാണിക്കാത്തത്.
ഈ പ്രശ്നങ്ങളെല്ലാം സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും കാര്യമായ നടപടികൾ ഒന്നുമുണ്ടായില്ലെന്നാണ് അവർ പറയുന്നത്. സംസ്ഥാന സർക്കാരിൽ നിന്ന് തങ്ങൾക്ക് അനുകൂലമായ തീരുമാനം എത്രയും പെട്ടെന്ന് ഉണ്ടാകണമെന്നാണ് അവരുടെ ആവശ്യം.