kk-shylaja-

തിരുവനന്തപുരം: സംസ്ഥാനത്ത് സമൂഹ വ്യാപനമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഇതുവരെ നടത്തിയ ചിട്ടയായ പ്രവർത്തനങ്ങളുടെ ഭാഗമാണിത്. എന്നാൽ സമൂഹ വ്യാപനത്തിനുള്ള സാദ്ധ്യത സംസ്ഥാനത്തുണ്ട്.സമൂഹ വ്യാപനത്തിന്‍റെ വക്കിലാണ് കേരളം. എന്നാൽ ഇന്നലെ വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ കേരളത്തിൽ വലിയ പ്രശ്നങ്ങളില്ല. സമ്പർക്കത്തിലൂടെയുടെ രോഗ പകർച്ച സംസ്ഥാനത്ത് കുറവാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

സംസ്ഥാനം അതീവ ജാഗ്രത പുലർത്തണം. പൊലീസിന്‍റെ സേവനം സംസ്ഥാനത്ത് അഭിനന്ദനാർഹമാണ്. വീടുകളിലെ നിരീക്ഷണം സംസ്ഥാനത്ത് മെച്ചപ്പെട്ട നിലയിലാണ്. എല്ലാ മേഖലയും സ്പർശിച്ചു കൊണ്ടുള്ള പ്രവർത്തനമാണ് സംസ്ഥാന സർക്കാർ നടത്തിയത്. മെയ് മാസത്തിനിപ്പുറം ചിട്ടയായി നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായി പത്ത് ശതമാനം മാത്രമാണ് സമ്പർക്കം വഴിയുള്ള രോഗമുള്ളത്. എന്നാൽ പത്ത് ശതമാനം രോഗസാദ്ധ്യതയെന്നുള്ളത് നിസാരമായി തള്ളാൻ കഴിയില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

സമ്പർക്കം മുപ്പത് ശതമാനത്തിന് മുകളിലേക്ക് പോയാൽ സംസ്ഥാനം ഭയക്കേണ്ടതുണ്ട്. എന്നാൽ അത്തരമൊരു സാഹചര്യം കേരളത്തിലുണ്ടായിട്ടില്ല. ചാർട്ടർ ചെയ്ത വിമാനങ്ങളിൽ വരുന്ന പ്രവാസികൾക്ക് കൊവിഡ് പരിശോധന നടത്തുന്ന കാര്യം ചെവാഴ്ച പ്രധാനമന്ത്രിയുമായി നടത്തുന്ന ചർച്ചയിൽ മുഖ്യമന്ത്രി സംസാരിക്കും. പ്രവാസികളുടെ സുരക്ഷക്ക് വേണ്ടിയാണ് ഈ നടപടി സ്വീകരിക്കുന്നത്. കേന്ദ്ര നിർദേശം കൂടി പരിഗണിച്ച ശേഷം മാത്രമായിരിക്കും നടപടിയെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്തുള്ളവരെയും പുറത്തുള്ള മലയാളികളെയും സർക്കാർ ഒരു പോലെയാണ് കാണുന്നത്. എയർ ക്രൂവിന് വലിയ രീതിയിൽ അസുഖം വരുന്ന അവസ്ഥയുണ്ട്. കേരളത്തിൽ പി.പി.ഇ കിറ്റുകളുടെ അണുനശീകരണവും സംസ്ക്കരണവും കൃത്യമായി നടക്കുന്നുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആത്മഹത്യകളിൽ വീഴ്ച ഉണ്ടോയെന്ന കാര്യം പരിശോധിക്കും. ആരോഗ്യപ്രവ‌ർത്തകർ 24 മണിക്കൂറും കഷ്ടപ്പെട്ടാണ് ജോലി ചെയ്യുന്നത്. മെഡിക്കൽ കോളേജിനാകെ അനാസ്ഥയാണെന്ന് പറയരുത്. കന്യാകുമാരി ജില്ലയിൽ നിന്ന് ഉൾപ്പെടെ പതിനായിരകണക്കിന് രോഗികളാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ദിവസവും എത്തുന്നതെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.