mathew-t-thomas

തിരുവനന്തപുരം: മാത്യു ടി.തോമസ് എം.എൽ.എയെ കൊവിഡൊന്ന് കളിപ്പിക്കുകയാണ്. രോഗം പകർന്ന് നൽകിക്കൊണ്ടല്ല, നൽകുമെന്ന് പേടിപ്പിച്ചുകൊണ്ട്. അതുകൊണ്ട് തന്നെ എം.എൽ.എ സ്വന്തം വീട്ടിൽ കയറാതെ ചുറ്റിക്കറങ്ങുകയാണ്. വീട്ടിൽ ചെന്നാൽ കൊവിഡ് ബാധിക്കുമോ എന്നൊരു പേടി.

മകൾ അച്ചുവും മരുമകൻ നിതിനും പേരക്കുട്ടി അന്നക്കുട്ടിയും ബാംഗ്ലൂരിൽ നിന്നും എത്തിയതോടെയാണ് എം.എൽ.എ വീട്ടിൽ നിന്നും പുറത്തായി'. ഇവരുടെ 14 ദിവസത്തെ ക്വാറന്റൈൻ കഴിയുന്നതുവരെ എം.എൽ.എയ്ക്ക് വീട്ടിൽ പ്രവേശനമില്ല. ആദ്യ മൂന്ന് ദിവസം തിരുവല്ല ടിബിയിൽ കഴിഞ്ഞു. മൂന്ന് ദിവസം തിരുവനന്തപുരത്ത് എം.എൽ.എ ക്വാർട്ടേഴ്സിൽ.

എം.എൽ.എ ക്വാർട്ടേഴ്സിൽ സ്വന്തമായി ഭക്ഷണം പാകം ചെയ്ത് കഴിച്ചു. ടിബിയിൽ താമസിക്കുമ്പോൾ പുറത്ത് നിന്നായിരുന്നു ഭക്ഷണം. ഭക്ഷണം കഴിച്ച് ആകെ അവശനായ മാത്യു ടി തോമസ് പുറത്ത് നിന്നുള്ള ഭക്ഷണം നിറുത്തി. നേരെ വീടിന് മുന്നിലെത്തി കാത്ത് നിൽക്കും. അപ്പോൾ ഭാര്യ ഭക്ഷണം ഗേറ്റിന് പുറത്ത് വയ്ക്കും. എം.എൽ.എ അതെടുത്തുകൊണ്ടു പോകും. വീട്ടിലേക്ക് ആവശ്യമായ എല്ലാ സാധനങ്ങളും എം.എൽ.എ വാങ്ങി വീടിന്റെ ഗേറ്റിൽ എത്തിക്കും. അത് വെറൊരു ജോലി. എം.എൽ.എയുടെ കൊവിഡ് കാലം അങ്ങനെ നീളുകയാണ്.