it

ബംഗ്ളൂരു: ആത്മഹത്യ ചെയ്യാൻ പോകുന്നുവെന്ന് സുഹൃത്തുക്കളെ വിളിച്ച് അറിയിച്ചശേഷം മലയാളി ഐ.ടി ജീവനക്കാരൻ ട്രെയിനിന് മുന്നിൽ ചാടിമരിച്ചു. കോഴിക്കോട് മണ്ണൂർ സ്വദേശി അജീഷ് കെ വിജയൻ (30) ആണ് മരിച്ചത്. മാരുതിനഗറിൽ താമസിച്ച് ബംഗ്ളൂരുവിൽ സ്വകാര്യ ഐടി കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.

ശനിയാഴ്ച പുലർച്ചെ നാലരയോടെ താമസസ്ഥലത്തുനിന്നുപോയ യുവാവ് രാവിലെ ഒമ്പതുമണിയോടെ സുഹൃത്തുക്കളെ ഫോണിൽ വിളിച്ച് ജീവനൊടുക്കാൻ പോകുന്നുവെന്ന് അറിയിക്കുകയായിരുന്നു. പിന്നീട് പലതവണ അജീഷുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് സുഹൃത്തുക്കൾ മഡിവാള പൊലീസിൽ പരാതിനൽകി. വൈകീട്ടു നാലുമണിയോടെ ഹൊറമാവ് റെയിൽവേ പാലത്തിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. മേയ് 16നാണ് അജീഷ് മാരുതിനഗറിലെ താമസസ്ഥലത്തെത്തിയത്. ഈമാസം 16ന് ഒഴിയുമെന്ന് അറിയിച്ചിരുന്നതായി കെട്ടിട ഉടമ പറഞ്ഞു.