കൊച്ചി: സ്ത്രീയെ പൂട്ടിയിട്ട് സ്വർണാഭരണങ്ങൾ കവർന്ന സംഭവത്തിൽ നാലുപേർ പിടിയിൽ. വസ്തു ഇടപാടുകാരിയായ എറണാകുളം സ്വദേശിനി അശ്വതി, തിരുവനന്തപുരം പേട്ട സ്വദേശി കണ്ണൻ, വടുതല സ്വദേശി മുഹമ്മദ് ബിലാൽ, നോർത്ത് പറവൂർ സ്വദേശിനി ഇന്ദു എന്നിവരാണ് പിടിയിലായത്.വാടക വീട് നോക്കാനെത്തിയ സ്ത്രീയെ വീട് കാണിക്കാനെന്ന വ്യാജേന വീട്ടിനകത്തുകയറ്റി പൂട്ടിയിട്ടാണ് സ്വർണാഭണരങ്ങൾ കവർന്നത്.
കഴിഞ്ഞ അഞ്ചാം തീയതിയായിരുന്നു സംഭവം.സൗത്ത് റെയിൽവേ സ്റ്റേഷനടുത്ത് വാടകവീട് കാണിച്ചുതരാമെന്നു പറഞ്ഞ് പ്രതികൾ പരാതിക്കാരിയെ വിളിച്ചുവരുത്തി. മുറികൾ കാണിക്കാം എന്ന വ്യാജേന ഇവരെ വീടിനകത്ത് കയറ്റിയ പ്രതികൾ മുറി പൂട്ടിയിട്ട ശേഷം ദേഹോപദ്രവം ഏൽപ്പിക്കുകയും ആഭരണങ്ങൾ കൈക്കലാക്കുകയുമായിരുന്നു. സ്ത്രീ നൽകിയ പരാതിയെത്തുടർന്നാണ് പ്രതികളെ പിടികൂടിയത്. കൈക്കലാക്കിയ ആഭരണങ്ങൾ പണയംവച്ചതായി കണ്ടെത്തിയിട്ടുണ്ട്.