തിരുവനന്തപുരം: സുഹൃത്തുക്കൾക്കൊപ്പമുള്ള മദ്യപാനത്തിനിടെ ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട് പൊലീസുകാരൻ മരിച്ച സംഭവത്തിൽ ദുരൂഹത. മരണപ്പെട്ട അഖിലിനൊപ്പം മദ്യപിച്ച ഗിരീഷിനും ശാരീരിക അസ്വസ്ഥതകളുണ്ട്. മദ്യത്തിന്റെ ബാക്കി പരിശോധനക്കായി എക്സൈസ് സീൽ ചെയ്തു.
മലപ്പുറം ഐ.ആർ ബറ്റാലിയനിലെ പൊലീസ് ഉദ്യോഗസ്ഥനും കടയ്ക്കൽ ചെളിക്കുഴി സ്വദേശിയുമായ അഖിലാണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുന്നിതിനിടെയാണ് അഖിലിന് ദേഹാസ്വാസ്ഥ്യമുണ്ടായത്. അവശനിലയിലായ അഖിലിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിൽ വച്ചാണ് അഖിൽ മരിച്ചത്. മലപ്പുറത്ത് നിന്ന് കൊണ്ടുവന്ന മദ്യമാണ് തങ്ങൾ കുടിച്ചതെന്ന് അഖിലിനൊപ്പം മദ്യപിച്ച ഒരാൾ പൊലീസിനോട് പറഞ്ഞു.