തിരുവനന്തപുരം: വൈദ്യുതി നിരക്കുകൊണ്ട് ഉപഭോക്താക്കളെ ഷോക്കടിപ്പിക്കുമ്പോഴും, അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിയുടെ പേരിൽ വിവാദം മുറുകുമ്പോഴും കാറ്റിലും സൂര്യപ്രകാശത്തിലും നിന്ന് ഉത്പാദിപ്പിക്കാവുന്ന പരിസ്ഥിതി സൗഹൃദ വൈദ്യുതിയോട് മുഖംതിരിച്ച് കേരളം. ഒൻപതു വർഷം മുമ്പ് എൻ.ടി. പി.സിയുമായി ഒപ്പു വച്ച 200 മെഗാവാട്ടിന്റെ കാറ്റാടി വൈദ്യുതി പദ്ധതി ഈ 'വിൻഡ് എനർജി' ദിനത്തിലും തുടങ്ങിയിടത്തു തന്നെ. കൊട്ടിഘോഷിച്ച് കൊണ്ടുവന്ന 'സൗര' പദ്ധതിയും എങ്ങുമെത്തിയില്ല.
തമിഴ്നാട് ഉൾപ്പെടെ പല സംസ്ഥാനങ്ങളും കാറ്റിൽ നിന്ന് ചെലവു കുറഞ്ഞ വൈദ്യുതിയുണ്ടാക്കുമ്പോൾ, കാടിനും നദികൾക്കും നാശമുണ്ടാക്കുന്ന വൻകിട ജലവൈദ്യുതി പദ്ധതികളിലാണ് കേരളത്തിന്റെ നോട്ടം! കാറ്റാടിപ്പാടങ്ങൾ സ്ഥാപിക്കാൻ കൂറ്റൻ കാറ്റാടിയന്ത്രങ്ങൾ എത്തിക്കാനുള്ള പ്രയാസമാണ് കാരണമായി പറയുന്നത്. 2011ൽ തിരുവനന്തപുരത്ത് പൂവാറും ഇടുക്കിയിൽ രാമക്കൽമേടും പാലക്കാട്ട് അട്ടപ്പാടിയും അഗളിയും കഞ്ചിക്കോടും ഉൾപ്പെടെ 16 സ്ഥലങ്ങളിൽ കാറ്റിൽ നിന്ന് 200 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ പദ്ധതി തയ്യാറാക്കി. ഇതിൽ കഞ്ചിക്കോട് മാത്രം 2017 ൽ തുടങ്ങി. ഇവിടെ 55 മെഗാവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കാനാവുക.
രാമക്കൽമേട്ടിലെ
കാറ്റാടിപ്പാടം
ഇന്ത്യയിൽ കാറ്റിന്റെ ശക്തി ഏറ്റവും കൂടിയ സ്ഥലങ്ങളിലൊന്നാണ് ഇടുക്കി രാമക്കൽമേട്. ഇവിടെ റിന്യൂവബിൾ എനർജി പാർക്ക് തുടങ്ങാൻ പദ്ധതിയിട്ടത് 2008-ലാണ്. ഇതിനായി 146 ഹെക്ടർ സ്ഥലം സർക്കാർ അനെർട്ടിന് കൈമാറി. കഴിഞ്ഞ വർഷമാണ് അനർട്ട് പാർക്ക് നിർമ്മാണം തുടങ്ങിയത്.സൗരോർജ പ്ലാന്റുകളും കാറ്റാടി യന്ത്രങ്ങളും ഇടകലർത്തിയുളള ഈ ഹൈബ്രിഡ് വൈദ്യുതി നിലയത്തിൽ ബാറ്ററി ബാങ്കിന്റെ പിന്തുയോടെ സുഗമമായ വൈദ്യുതി പ്രവാഹം സാദ്ധ്യമാവും
52 % വൈദ്യുതി
കൂടുതൽ വേണം
കേന്ദ്ര വൈദ്യുതി അതോറിട്ടിയുടെ ഊർജ്ജ സർവേ പ്രകാരം കേരളത്തിൽ 10 വർഷത്തിനകം ഊർജ്ജ ഉപഭോഗം 52 ശതമാനം വരെ വർദ്ധിക്കും. ഇപ്പോൾ 25,480 ദശലക്ഷം യൂണിറ്റാണ് ഉപഭോഗം. ഇത് 2026-27ൽ തന്നെ 38,756 ദശലക്ഷം യൂണിറ്റായി വർദ്ധിക്കും. 2961.11 മെഗാവാട്ടാണ് ഇപ്പോൾ കേരളത്തിലെ വൈദ്യുതി ഉത്പാദനം..
കാറ്റിൽ നിന്നുള്ള
വൈദ്യുതി ഉത്പാദനം
(മെഗാവാട്ട്)
*കേരളത്തിൽ 62.50
(ഉത്പാദന സാദ്ധ്യത -800)
തമിഴ്നാട്ടിൽ 9231.77
ഗുജറാത്തിൽ 7203.77
മഹാരാഷ്ട്ര, കർണാടക, രാജസ്ഥാൻ, ആന്ധാപ്രദേശ്: 4000 വീതം
കാറ്റാടിയന്ത്രം
കാറ്റിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുവാനുപയോഗിക്കുന്ന യന്ത്രസംവിധാനമാണ് കാറ്റാടിയന്ത്രം. അടിത്തറയിൽ ഉറപ്പിച്ച ഒരു ടവറിന്റെ മുകളിലായി ഘടിപ്പിച്ച ഒരു പ്രൊപ്പല്ലർ, ജനറേറ്റർ എന്നിവയടങ്ങുന്നതാണ് കാറ്റാടിയന്ത്രം. തുടർച്ചയായി കാറ്റ് ലഭ്യമാകുന്ന സ്ഥലങ്ങളിൽ മാത്രമേ ഈ സംവിധാനം ഏർപ്പെടുത്തുവാൻ സാധിക്കുകയുള്ളു. കാറ്റിന്റെ വേഗത്താൽ ഈ പ്രൊപ്പല്ലർ കറങ്ങുമ്പോൾ ഇതിലെ ജനറേറ്റർ പ്രവർത്തിച്ച് വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുന്നു.ഇത്തരത്തിൽ സംവിധാനമൊരുക്കിയ സ്ഥലങ്ങളെ കാറ്റാടിപ്പാടം എന്നാണ് അറിയപ്പെടുന്നത്.