ന്യൂഡൽഹി: കൊവിഡ് രോഗിയായ മലയാളി സ്ത്രീയെ ഡൽഹിയിലെ ആശുപത്രി ചികിത്സ നൽകാതെ അവഗണിക്കുന്നതായി ആരോപണം. ഡൽഹിയിലെ എൽ.എൻ.ജെ.പി ആശുപത്രിയിലാണ് കൊവിഡ് രോഗി മതിയായ ചികിത്സ കിട്ടാതെ വരാന്തയിൽ കഴിയുന്നത്. കൊവിഡ് സ്ഥിരീകരിച്ചതിന്‍റെ രേഖകൾ പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആശുപത്രി അധികൃതർ ഈ സമീപനം സ്വീകരിച്ചിരിക്കുന്നത്.
കൊവിഡ് റിപ്പോർട്ട് ഫോണിൽ കാണിച്ചിട്ടും യഥാർത്ഥ രേഖ വേണമെന്ന് ആശുപത്രി അധികൃതർ കർശന നിലപാട് എടുക്കുകയായിരുന്നു. ശ്വാസതടസവും നെഞ്ച് വേദനയുമടക്കമുള്ള ലക്ഷണങ്ങൾ ഉണ്ടെന്ന് പറഞ്ഞിട്ടും ഡോക്ടർമാർ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് പരാതി. കൊവിഡ് ലക്ഷണങ്ങളെ തുടർന്ന് ഇവരുടെ ഭർത്താവ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു.