amit-shah

ന്യൂഡൽഹി: ഡല്‍ഹിയില്‍ കൊവിഡ് പരിശോധന മൂന്നിരട്ടി വരെ വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ഡല്‍ഹി സര്‍ക്കാരിനെ സഹായിക്കാന്‍ കേന്ദ്രം അഞ്ച് ഉദ്യോഗസ്ഥരെ നിയമിച്ചു. 500 കോച്ചുകള്‍ കോവിഡ് വാര്‍ഡാക്കും. സ്വകാര്യാശുപത്രിയില്‍ കുറഞ്ഞനിരക്കില്‍ ചികില്‍സ ഏർപ്പെടുത്തും. മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതിന് പുതിയ മാനദണ്ഡം പുറത്തിറക്കുമെന്നും അമി‌ത്ഷാ വ്യക്തമാക്കി.

ഡൽഹിയിലെ കൊവിഡ് സാഹചര്യം ചർച്ച ചെയ്യാൻ അമിത് ഷാ വിളിച്ച യോഗത്തിലാണ് തീരുമാനം. ലഫ്റ്റനന്‍റ് ഗവർണർ അനിൽ ബൈജാലും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ആരോഗ്യമന്തി ഹർഷവർദ്ധനും യോഗത്തിൽ പങ്കെടുത്തു. ഡൽഹിയിലെ കൊവിഡ് ബാധിതരുടെ എണ്ണം നാൽപതിനായിരത്തോട് അടുക്കുകയും മരണസംഖ്യ 1271 ആവുകയും ചെയ്ത സാഹചര്യത്തിലാണ് കേന്ദ്രം പ്രത്യേക യോഗം ചേർന്നത്.

സംസ്ഥാന ദുരന്തനിവാരണ സേനയുടെ പ്രതിനിധി, എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയഎന്നിവരും യോഗത്തിൽ പങ്കെടുത്തു. ഡൽഹിയിലെ പ്രതിരോധ പ്രവർത്തനങ്ങൾ യോഗം ചർച്ച ചെയ്തു. വൈകിട്ട് 5 മണിക്ക് മേയർമാരുമായും അമിത് ഷാ ചർച്ച നടത്തും. പ്രതിരോധ പ്രവർത്തനങ്ങളിൽ ഡൽഹി സർക്കാരിനെ സുപ്രീം കോടതി വിമർശിച്ച സാഹചര്യത്തിൽ കൂടിയാണ് യോഗം.