gartham

കല്ലമ്പലം: കാലവർഷത്തിൽ കാലപ്പഴക്കം കൊണ്ട് തകർന്ന പാലം പുനർനിർമ്മിക്കണമെന്ന് നാട്ടുകാർ മുറവിളികൂട്ടി. പ്രതിഷേധം ശക്തമായതോടെ പുതിയ പാലം നിർമ്മിച്ചു. എന്നാൽ പാലം നാട്ടുകാർക്ക് പാരയായി.

നാവായിക്കുളം പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ ഐരമൺനില കൂരയിൽ കലവൂർ പാലമാണ് 2016ൽ തകർന്നത്. കർഷകൻ പശുവുമായി പാലം കടക്കവേ പാലം തകർന്നു വീഴുകയായിരുന്നു. കർഷകനും പശുവിനും പരിക്കേറ്റു. കാലപ്പഴക്കമാണ് പാലം തകരാൻ കാരണം. അതേ സ്ഥലത്ത് പുതിയ പാലം നിർമ്മിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തി. മാസങ്ങൾ നീണ്ട പ്രതിഷേധത്തിനും നിവേദനങ്ങൾക്കും ഒടുവിൽ അഡ്വ. വി. ജോയി എം.എൽ.എയുടെ 2018 - 19 ആസ്തി വികസന ഫണ്ടിൽ നിന്നു 11,48,970 രൂപ അനുവദിച്ചാണ് പാലത്തിന്റെയും അനുബന്ധ റോഡിന്റെയും നിർമ്മാണം തുടങ്ങിയത്.

അടുത്തിടെ പെയ്ത ശക്തമായ മഴയിൽ ചെമ്മണ്ണ്‍ ഒലിച്ചുപോയി അഗാധ ഗർത്തം രൂപപ്പെട്ടു. ഇവിടെ വീണ് നിരവധി കാൽനടയാത്രികർക്ക് പരിക്കേറ്റു. മഴയിൽ മണ്ണൊലിച്ച് സമീപത്തെ വയൽ നികന്നതിനാൽ കൃഷിയും മുടങ്ങി. പതിനഞ്ചോളം പുരസ്കാരങ്ങൾ നേടിയ പ്രദേശത്തെ മാതൃകാ കർഷകനായ മുഹമ്മദ്‌ റഷീദിന്റെ വയലുകളാണ് നികന്നത്. വയലിൽ നിന്ന് മണ്ണ്‍ നീക്കാൻ അധികൃതരെ സമീപിച്ചെങ്കിലും നിസഹരണ മനോഭാവമായിരുന്നു. തുടർന്ന് തൊഴിലാളികളെ നിറുത്തി വയലിൽ നിന്നും മണ്ണ്‍ മാറ്റി കഴിഞ്ഞ ദിവസം കൃഷിയിറക്കി. കുടവൂർ പാടശേഖരത്തിന്റെ മദ്ധ്യ ഭാഗത്തോട് ചേർന്നാണ് പാലം. കൃഷിക്കാവശ്യമായ വളങ്ങളും വിത്തുകളും യന്ത്രങ്ങളും മറ്റും ഗർത്തം രൂപപ്പെട്ടതോടെ ഇതുവഴി കൊണ്ടുപോകുക അസാദ്ധ്യമായി. അശാസ്ത്രീയമായ നിർമ്മാണമാണ് മണ്ണൊലിപ്പിനും ഗർത്തം രൂപപ്പെടാനും കാരണമെന്നാണ് ആക്ഷേപം. ഇനിയും മണ്ണൊലിപ്പുണ്ടായാൽ കൃഷി നശിക്കുമെന്ന ആവലാതിയാണ് കർഷകർക്ക്. പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്ന് കർഷകരും നാട്ടുകാരും ആവശ്യപ്പെട്ടു.