ന്യൂഡൽഹി: മാസ്ക്ക് ധരിക്കാതെ ആൾക്കാർ തൊന്നിയതുപോലെ സഞ്ചരിക്കാൻ തുടങ്ങിയതോടെ ഉത്തരാഖണ്ഡ് സർക്കാർ നിയമം കർക്കശമാക്കി. എത്ര പറഞ്ഞിട്ടും ആൾക്കാർ കേൾക്കാതായതോടെ പിടിച്ച് അകത്തിടുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വെറും മുന്നറിയിപ്പല്ല, നിയമം അതിനായി പരിഷ്കരിച്ചു. ഇനി മാസ്ക്കില്ലാതെ പിടിക്കപ്പെട്ടാൽ ആറു് മാസം തടവും അയ്യായിരം രൂപയുമാണ് പിഴയുമാണ് ശിക്ഷ.
ഇതുസംബന്ധിച്ച സർക്കാരിന്റെ ഓർഡിനൻസിന് ഉത്തരാഖണ്ഡ് ഗവർണർ ബേബി റാണി മൗര്യ അംഗീകാരം നൽകി. മാസ്‌ക് നിർബന്ധമാക്കിക്കൊണ്ട് എപ്പിഡമിക് ഡിസീസസ് ആക്ടിലെ രണ്ടും മൂന്നും വകുപ്പുകളാണ് സർക്കാർ ഭേദഗതി ചെയ്തത്.
പുതിയ നിയമം ശനിയാഴ്ച മുതൽ പ്രാബല്യത്തിലായി. അഹമ്മദാബാദ്, ഡൽഹി, ഉത്തർപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലും മാസ്‌ക് ധരിച്ചില്ലെങ്കിൽ പിഴ ചുമത്തുന്നതിന് ഉത്തരവായിട്ടുണ്ട്. ഉത്തരാഖണ്ഡിൽ 35 പുതിയ കൊവിഡ് കേസുകളാണ് പുതുതായി റിപോർട്ട് ചെയ്തത്. മൊത്തം കൊവിഡ് രോഗികൾ 1,759 ആയി.