നെടുമങ്ങാട് : ലോക്ക് ഡൗൺ പ്രതിസന്ധിയിൽ ഉഴലുകയാണ് നെടുമങ്ങാട്ടെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ. ഈ മേഖലയെ ആശ്രയിച്ചിരുന്ന കുടുംബങ്ങളും അനുബന്ധ കച്ചവട സ്ഥാപനങ്ങളും ദുരിതത്തിലാണ്. നിരവധി ഹോട്ടലുകളും ആയുർവേദ ചികിത്സാ കേന്ദ്രങ്ങളും സ്വകാര്യ റിസോർട്ടുകളും വഴിയോര തട്ടുകടകളും ടുറിസം കേന്ദ്രങ്ങളിൽ അടഞ്ഞു കിടപ്പാണ്. ഗൈഡുകളായും ശുചീകരണ തൊഴിലാളികളായും പ്രവർത്തിച്ചിരുന്നവർ പട്ടിണിയുടെ വക്കിലും. ഗ്രാമീണ മേഖലയുടെ പ്രധാന സാമ്പത്തിക സ്രോതസായിരുന്നു ഇക്കോ ടൂറിസം കേന്ദ്രങ്ങൾ. വനം വകുപ്പിന്റെയും കെ.ടി.ഡി.സിയുടെയും മേൽനോട്ടത്തിൽ ഒരു ഡസനോളം പ്രധാന ഹൈറേഞ്ച് ടൂറിസം സെന്ററുകൾ നെടുമങ്ങാടുണ്ട്. വേനലവധിയും വിഷുവും പെരുന്നാളുമൊക്കെ ടൂറിസം സെന്ററുകളുടെ ചാകരക്കാലമാകേണ്ടതായിരുന്നു. ആഘോഷങ്ങളെ വരവേൽക്കാൻ ബാങ്ക് വായ്പയെടുത്തും പലിശയ്ക്കെടുത്തും നടത്തിയ മുന്നൊരുക്കങ്ങൾ പാഴായതിന്റെ അങ്കലാപ്പിലാണ് സ്വകാര്യ ടൂറിസം സെന്ററുകളുടെ നടത്തിപ്പുകാർ. കൊവിഡും കാലവർഷവും സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് എപ്പോൾ കരകയറുമെന്ന് ആർക്കും നിശ്ചയമില്ല. മലയോര ടൂറിസം കേന്ദ്രങ്ങൾക്ക് മാത്രമായി ഇളവ് അനുവദിക്കണമെന്ന ആവശ്യം പരിഗണിക്കാൻ ജില്ലാ കളക്ടറുടെ സാന്നിദ്ധ്യത്തിൽ ഇന്ന് ചേരുന്ന റവന്യൂതല യോഗത്തിൽ തീരുമാനമെടുക്കുമെന്നാണ് സൂചന.
കുളിരണിഞ്ഞ് മനംകവർന്ന്
പൊന്മുടിയും ജൈവസസ്യങ്ങളുടെ കലവറയായ ബോണക്കാടും തലസ്ഥാനത്തിന്റെ കുടിനീർ വാഹിനിയായ അരുവിക്കരയും സന്ദർശകരുടെ ഇഷ്ടകേന്ദ്രങ്ങളാണ്. പൊൻമുടിയിലേക്ക് ബ്രൈമൂർ ഹിൽസ് സ്പോട്ടിൽ നിന്ന് വെറും 3 കി.മീ മാത്രമേയുള്ളൂ. കാട്ടുപോത്തുകളെ കാണാനാകുന്ന പാണ്ടിപ്പത്തും മങ്കയം വെള്ളച്ചാട്ടത്തും ട്രക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം പി.ടി.പി നഗറിലുള്ള വൈൽഡ് ലൈഫ് വാർഡനാണ് ഈ മേഖലയുടെ മേൽനോട്ടച്ചുമതല. കരമനയാറിനു കുറുകെ നിർമ്മിച്ചിരിക്കുന്ന അരുവിക്കര ഡാം ബ്രിട്ടീഷ് നിർമ്മിതമാണ്. 1934 ൽ നിർമ്മിച്ച അണക്കെട്ടും പരിസരത്തെ പുരാതന ക്ഷേത്രവും ഉദ്യാനവും സന്ദർശകർക്ക് ഏറെ പ്രിയങ്കരമാണ്. പൊന്മുടിയിലെ സീതാതീർത്ഥ കുളവും ബ്രിട്ടീഷുകാർ സ്ഥാപിച്ച തേയിലത്തോട്ടത്തിന് പ്രസിദ്ധമായ ബോണക്കാടും സമുദ്രനിരപ്പിൽ നിന്ന് 300 അടി ഉയരത്തിൽ പാറ തുരന്ന് നിർമിച്ച മടവൂർ ഗുഹാക്ഷേത്രവും കാഴ്ചക്കാരെ വിസ്മയിപ്പിക്കും.
ടൂറിസം സ്പോട്ടുകൾ
പൊൻമുടി
മങ്കയം വെള്ളച്ചാട്ടം
ബോണക്കാട്
മടവൂർ ഗുഹാക്ഷേത്രം
പാണ്ടിപ്പത്ത്
അരുവിക്കര ഡാം
കല്ലാർ
---------------------------------------------------------------------
'' കൊവിഡ് പ്രതിരോധത്തിനു പുറമെ മഴക്കാലത്തെ മണ്ണിടിച്ചിലും ആശങ്കയ്ക്ക് ഇടനൽന്നുണ്ട്. ഇക്കോടൂറിസം കേന്ദ്രങ്ങളെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങളുടെ ദുരിതം ജില്ലാ കളക്ടർക്ക് റിപ്പോർട്ട് ചെയ്യും"
-എം.കെ. അനിൽകുമാർ (തഹസിൽദാർ, നെടുമങ്ങാട്).