മുടപുരം: ചിറയിൻകീഴ് താലൂക്കിലെ വലിയ പാടശേഖരങ്ങളിൽ ഒന്നായ കിഴുവിലം പഞ്ചായത്തിലെ വലിയ ഏലാ പാടശേഖരം തരിശിടാതെ പൂർണമായി കൃഷിയിറക്കാൻ കർഷകർ റെഡി; പക്ഷേ, ഒന്നുമാത്രം കർഷകർ ആവശ്യപ്പെടുന്നു. പൂർണതോതിൽ കുറ്റമറ്റ രീതിയിൽ ജലസേചന സൗകര്യം ഒരുക്കണം.
മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി നെൽകൃഷി ഇപ്പോൾ ലാഭകരമാണ്. തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം, ട്രാക്ടർ, കൊയ്ത്ത് യന്ത്രം, തുടങ്ങിയവയുടെ ഉപയോഗം, വിത്ത് - വളം - കീടനാശിനി തുടങ്ങിയവ സൗജന്യമായി ലഭിക്കുന്നു, കൃഷിക്കായുള്ള സബ്സിഡി തുക തുടങ്ങിയവയാൽ കർഷകർക്ക് ഇപ്പോൾ ലാഭകരമായി നെൽകൃഷി ചെയ്യാൻ കഴിയും. എന്നാൽ ജലസേചന സൗകര്യത്തിന്റെ അപര്യാപ്തത ഈ പാടശേഖരത്തിന്റെ പ്രശ്നമാണ്. മാമം ആറിലെ ശങ്കരനാരായണപുരം കലിങ്കിൽ നിന്നും തുടങ്ങുന്ന തോട് ഈ ഏലായുടെ മദ്ധ്യഭാഗത്തുകൂടി ഒഴുകി വാമനപുരം നദിയിൽ ചേരുന്നു. ഈ തോടും ഇടതോടുകളുമാണ് ഈ പാടശേഖരത്തിന്റെ ജലസേചന മാർഗം. എന്നാൽ ഈ തോടിന്റെയും ഇടതോടുകളുടെയും പലഭാഗങ്ങളും അതിരുകൾ ഇടിഞ്ഞ് തകർന്ന് കിടക്കുകയാണ്. തടയണയുടെ പലകകൾ എല്ലാം നശിച്ചു കഴിഞ്ഞു. അതിനാൽ തോട്ടിലെ വെള്ളം തടഞ്ഞ് നിറുത്തി വയലിൽ കയറ്റാൻ കർഷകർക്ക് കഴിയുന്നില്ല. പലപ്പോഴും ചെളികൊണ്ട് താത്കാലികമായി തടയണ നിർമ്മിച്ചാണ് കർഷകർ ജലസേചന സൗകര്യം ഒരുക്കുന്നത്. ഇത് കർഷകർക്ക് ഏറെ ബുദ്ധിമുട്ട് വരുത്തുകയും പൂർണതോതിൽ ജലസേചന സൗകര്യം ഒരുക്കാൻ കഴിയുന്നുമില്ല. ഇതിനു പുറമേ ട്രാക്ടർ തുടങ്ങിയ യന്ത്രങ്ങൾ ഏലായിൽ ഇറക്കാൻ വേണ്ടി പലഭാഗങ്ങളിലും റാമ്പുകൾ നിർമ്മിക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.