ന്യൂഡൽഹി: തൊഴിലുറപ്പ് പദ്ധതിയിൽ മാറ്റങ്ങൾ വരുത്തി നേട്ടങ്ങൾ ഉണ്ടാക്കിയത് മോദി സർക്കാരാണെന്ന് കേന്ദ്ര മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത്. സർക്കാർ അധികാരത്തിൽ വന്ന സമയത്ത് തൊഴിലുറപ്പ് പദ്ധതി വളരെ മോശമായിരുന്നു. പദ്ധതി വിശദമായി വിലയിരുത്തിയ മോദി സർക്കാർ അതിലെ പഴുതുകൾ അടച്ചു, പരിഷ്‌കാരങ്ങൾ വരുത്തിയും പുതിയ സാങ്കേതികവിദ്യയുമായി കൂട്ടിയിണക്കി. ജോലിയുടെ വിശദാംശങ്ങൾ ശേഖരിച്ചും പ്രതികരണമറിഞ്ഞും അടിമുടി മാറ്റി. അങ്ങനെ പദ്ധതിക്ക് പുതിയ മുഖമായെന്ന് അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് രണ്ടു വർഷം (2012, 2013) കൊണ്ട് ബജറ്റിൽ മാറ്റിവച്ചത് വെറും 60,000 കോടിയായിരുന്നു. ആദ്യത്തെ മോദി സർക്കാർ പദ്ധതിയിൽ ചെലവിട്ടത് 2,53,245 കോടി രൂപ. പ്രതിവർഷം 12.87 ശതമാനം വർദ്ധന. ഇതുകൊണ്ടാണ് പദ്ധതി ഇന്ന് നല്ല നിലയ്ക്ക് പോകുന്നത്. ഈ സാമ്പത്തിക വർഷം മാത്രം 61,500 കോടി രൂപയാണ് പദ്ധതിക്ക് വകയിരുത്തിയത്. ഇതിനു പുറമേ കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് അധികമായ 40,000 കോടിയും നൽകി. മൊത്തം ഒരു ലക്ഷം കോടിയിലേറെ രൂപയാണ് നൽകിയത്.
കേന്ദ്രത്തിന്റെ നാനൂറിലേറെ പദ്ധതികളുടെ പ്രയോജനം ഗുണഭോക്താക്കൾക്ക് നേരിട്ട് അക്കൗണ്ടിൽ ലഭിക്കുന്ന രീതിയിലായി. തൊഴിലുറപ്പുകാരുടെ വേതനം 99 ശതമാനവും ഇലക്‌ട്രോണിക് മാർഗം സ്വന്തം അക്കൗണ്ടുകളിലെത്തുന്നു. കോൺഗ്രസ് സർക്കാരിന്റെ കാലത്ത് ഇത് വെറും 37 ശതമാനം മാത്രം. തൊഴിൽ നൽകുന്നതിൽ വലിയ ക്രമക്കേടായിരുന്നു. വേതനത്തിന്റെ ഒരു ഭാഗം മാത്രമാണ് ഗുണഭോക്താക്കൾക്ക് ലഭിച്ചത്. ഫണ്ട് വൻതോതിൽ ചോർന്നു. അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ് തന്നെ ഇത് സമ്മതിച്ചിട്ടുണ്ട്. എന്നിട്ടും ചോർച്ച അടയ്ക്കാൻ ഒന്നും ചെയ്തില്ല. നികുതി ദായകരുടെ പണം അനർഹരും തട്ടിപ്പുകാരും നേടിയെടുക്കുന്നത് തടയാൻ കോൺഗ്രസിനായില്ലെന്ന് മന്ത്രി പറഞ്ഞു.