മുംബയ്: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത് മരിച്ച നിലയിൽ. മുംബയ് ബാന്ദ്രയിലെ ഫ്ളാറ്റിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. 12 സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കായ് പോ ചേ (2013) ആണ് ആദ്യ സിനിമ. ചേതൻ ഭഗതിന്റെ ത്രീ മിസ്റ്റേക്ക്സ് ഇൻ മെെ ലെെവ് എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരമായിരുന്നു ഈ ചിത്രം. ചിത്രത്തിലെ അഭിനയത്തിന് മികച്ച നവാഗത നടനുള്ള മൂന്ന് അവാർഡുകളും ലഭിച്ചു.
ടെലിവിഷൻ സീരിയലുകളിലൂടെയാണ് സുശാന്ത് സിംഗ് അഭിനയരംഗത്ത് എത്തിയത്. ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ’എം.എസ് ധോണി അണ്‍ടോള്‍ഡ് സ്റ്റോറി’യിൽ അഭിനയിച്ചു. ചിത്രത്തിൽ സുശാന്ത് ധോണിയുടെ വേഷമായിരുന്നു അവതരിപ്പിച്ചത്. ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. പി.കെ, കേദാര്‍നാഥ്, വെല്‍കം ടു ന്യൂയോര്‍ക് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. കഴിഞ്ഞവർഷം ഇറങ്ങിയ ഡ്രൈവാണ് അവസാന ചിത്രം.
ബീഹാറിലെ പാറ്റ്നയിലാണ് സുശാന്ത് സിംഗ് രാജ്പുത് ജനിച്ചത്. 2002 ൽ അമ്മയുടെ മരണശേഷം സുശാന്തും കുടുബവും ഡൽഹിയിലേക്ക് താമസം മാറി. പാറ്റ്നയിലെ സെന്റ് കരേൻസ് ഹൈസ്കൂളിനും ന്യൂഡൽഹിയിലെ കുലച്ചി ഹൻസ്രാജ് മോഡൽ സ്കൂളിലുമാണ് അദ്ദേഹം പഠിച്ചത്. ഡൽഹി സാങ്കേതിക സർവകലാശാലയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിംഗിൽ പ്രവേശനം നേടി. ഭൗതികശാസ്ത്രത്തിലെ ദേശീയ ഒളിമ്പ്യാഡ് ജേതാവാണ് സുശാന്ത് .അഭിനയജീവിതം തുടരാനായി അദ്ദേഹം നാലു വർഷത്തെ കോഴ്സിൽ മൂന്നു വർഷം മാത്രമേ പൂർത്തിയാക്കിയുള്ളൂ.
സാങ്കേതിക സർവകലാശാലയിൽ വിദ്യാർത്ഥിയായപ്പോൾ സുശാന്ത് ശ്യാമക് ദാവറിന്റെ നൃത്ത ക്ലാസുകളിൽ ചേർന്നു. ഡാൻസ് ക്ലാസിലെ ചില സഹപാഠികൾ അഭിനയത്തിൽ താൽപര്യമുണ്ടാക്കുകയും ബാർ ജോണിന്റെ നാടക ക്ലാസുകളിൽ പങ്കെടുക്കുകയും ചെയ്തു. സുശാന്തും അവരോടൊപ്പം അഭിനയ ക്ലാസുകളിൽ ചേർന്നു.അങ്ങനെയാണ് അഭിനയമാണ് തന്റെ മേഖലയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞ്.
സാമൂഹ്യപ്രവർത്തിലും ഏറെ തത്പരനായിരുന്നു. കേരളത്തിലെ പ്രളയ സമയത്ത് ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ ആഗ്രഹമുണ്ടായിട്ടും അതിന് പണമില്ലെന്ന് പരിതപിച്ച ആരാധകന്റെ പേരിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരു കോടി രൂപ സംഭാവന നൽകി. നീതി ആയോഗ് പദ്ധതിയിൽ അദ്ദേഹം അടുത്തിടെ ഒപ്പുവച്ചു.
സുശാന്തിന്റെ മുന്‍ മാനേജറായ ദിശ സാലിയനും ആത്മഹത്യ ചെയ്തിരുന്നു. ഇക്കാര്യം സുശാന്ത് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു. ജൂണ്‍ എട്ടിനാണ് ദിശ സാലിയനെ കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.