air-india-

മുംബയ്: പനി ബാധിച്ച യാത്രക്കാരൻ വിമാനത്തിനുള്ളിൽ കുഴഞ്ഞുവീണ് മരിച്ചത് കൊവിഡ് സുരക്ഷയെ ഒന്നടങ്കം ഞെട്ടിക്കുകയാണ്. ലാഗോസിൽ നിന്ന് മുംബയിലേക്ക് വന്ന എയർ ഇന്ത്യാ വിമാനത്തിലെ യാത്രക്കാരനാണ് വിമാനത്തിനുള്ളിൽ കുഴഞ്ഞു വീണ് മരിച്ചത്. കൊവിഡ് പരിശോധനയെല്ലാം നടത്തിയിട്ടാണ് ഇയാളെ വിമാനത്തിൽ കയറ്റിയതെങ്കിൽ അതിനുത്തരവാദി ആര് ? പരിശോധനയിൽ പനിയുണ്ടെന്ന് കണ്ടെത്തില്ലായിരുന്നോ? അപ്പോൾ പരിശോധന വേണ്ടവിധം നടക്കുന്നില്ല എന്ന് വ്യക്തം.

വിമാനത്തിനുള്ളിൽ 42 കാരനായ യാത്രക്കാരൻ വിറയ്ക്കുന്നതായി കണ്ടതായി മറ്റ് യാത്രക്കാർ പറയുന്നു. അന്വേഷിച്ചപ്പോൾ യാത്രക്കാരൻ തനിക്ക് മലേറിയ ഉണ്ടെന്ന് എയർ ഇന്ത്യ ജീവനക്കാരെ അറിയിച്ചിരുന്നു. ശ്വസിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ വിമാനത്തിലെ ജീവനക്കാർ ഓക്സിജനും നൽകിയിരുന്നു. എന്നാൽ വിമാനത്തിൽ യാത്രക്കാരൻ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. യാത്രക്കാരന്റെ വായിൽ നിന്ന് രക്തസ്രാവമുണ്ടായി.

പുലർച്ചെ 3: 40 നാണ് വിമാനം മുംബയ് വിമാനത്താവളത്തിൽ എത്തിയത്. എന്നാൽ സ്വാഭാവിക കാരണങ്ങളാലാണ് യാത്രക്കാരൻ മരിച്ചതെന്ന് എയർ ഇന്ത്യ പറയുന്നത്. യാത്രക്കാരന് പനി ഉണ്ടായിരുന്നുവെന്നത് എയർ ഇന്ത്യ, നിഷേധിക്കുകയാണ്. പനി ഉണ്ടായിരുന്നെങ്കിൽ തങ്ങളുടെ ലാഗോസ് മെഡിക്കൽ സ്‌ക്രീനിംഗ് ടീം ഇത് കണ്ടെത്തുമായിരുന്നുവെന്നും വ്യക്തമാക്കി.

കുഴഞ്ഞുവീണ യാത്രക്കാരനെ പുനരുജ്ജീവിപ്പിക്കാനുള്ള ധീരമായ ശ്രമം നടത്തി, എന്നാൽ അവരുടെ എല്ലാ ശ്രമങ്ങളും വെറുതെയായി. വിമാനത്തിൽ വച്ച് തന്നെ യാത്രക്കാരൻ മരിച്ചതായി ഡോക്ടർ സ്ഥിരീകരിച്ചു, എല്ലാ നടപടിക്രമങ്ങളും പൂർത്തിയായ ശേഷം മൃതദേഹം പ്രോട്ടോക്കോൾ പ്രകാരം ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരുടെ ബന്ധുക്കളെ അറിയിക്കുകയും മാനദണ്ഡങ്ങൾക്കനുസൃതമായി ഫ്യൂമിഗേഷനായി വിമാനം മാറ്റുകയും ചെയ്തതായിട്ടാണ് എയർ ഇന്ത്യ പറയുന്നത്.