ചെന്നൈ: കൊവിഡ് പടർന്ന് പിടിച്ചുകൊണ്ടിരിക്കുമ്പോൾ ചെന്നൈയിലെ അന്യസംസ്ഥാനക്കാർ സ്വന്തം നാടുകളിലേക്ക് ജീവനും കൊണ്ടോടുന്ന കാഴ്ചയാണ്. ചെന്നൈയിൽ നിന്ന് ആയിരക്കണക്കിനുപേരാണ് ഇതിനകം സ്വന്തം നാടുപിടിച്ചത്. വർഷങ്ങളായി ചെന്നൈയിൽ സ്ഥിരതാമസമാക്കിയവർപോലും താത്കാലികമായി നഗരം വിട്ടുപോരുന്ന കാഴ്ചയാണ്. കേരളം,കർണാടക, ആന്ധ്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും കൂട്ടത്തോടെ സ്വന്തം നാട്ടിലേക്ക് പോകുകയാണ്. ചെന്നൈയിലെ രോഗബാധിതരുടെ എണ്ണം 3.5 ലക്ഷം വരെയാകാമെന്നാണ് വിലയിരുത്തൽ.
ഓരോ ദിവസവും ഇവിടെ 1500ഓളം പേർക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിക്കുന്നത്. മലയാളി സംഘടനകളുടെ നേതൃത്വത്തിൽ ക്രമീകരിച്ച വാഹനങ്ങളിലാണ് ആളുകൾ തിരികെ പോരുന്നത്. ലോക്ക്ഡൗണിൽ ഇളവുനൽകിയതോടെ കേരളത്തിലേക്ക് വലിയതോതിൽ ആളുകൾ എത്തിയിരുന്നു. ഭൂരിപക്ഷവും വിദ്യാർത്ഥികൾ, തൊഴിൽ നഷ്ടമായവർ, താത്കാലിക ആവശ്യങ്ങൾക്കായി എത്തിയവരുമാണ്.
റോഡുമാർഗം പോകുന്നതിന് കേരളസർക്കാരിന്റെ പാസ് കിട്ടാൻ താമസം നേരിടുന്നുണ്ട്. എന്നാൽ, വിമാനയാത്രക്കാർക്ക് വേഗത്തിൽ പാസ് ലഭിക്കും. സംസ്ഥാനത്തെ കൊവിഡ് വ്യാപനം ഒക്ടോബർ നവംബർവരെ തുടരാൻ സാദ്ധ്യതയുണ്ടെന്ന സംസ്ഥാന സർക്കാർ വ്യക്തമാക്കിയതോടെയാണ് കൂട്ടത്തോടെയുള്ള ഒഴിഞ്ഞുപോക്കൽ.