തിരുവനന്തപുരം: കാറ്റിന് എന്നും മലയാളി മനസ്സുകളിൽ പ്രണയ ഭാവമായിരുന്നു. മഴയത്ത് കാറ്റിലിളകുന്ന കുട ചൂടി നടന്നു പോകുന്ന കമിതാക്കൾ- ആ ഫ്രെയിം തന്നെ കാല്പനികതയുടേതാണ്.പാട്ടും മൂളി വരുന്ന കുളിർകാറ്റിന്റെ ആസ്വാദ്യത ഒന്നു വേറെ തന്നെ.
പക്ഷേ ,ഇപ്പോൾ കാറ്റിനെ പേടിയാണ് മലയാളികൾക്ക്.പ്രത്യേകിച്ച് മഴക്കാലത്ത്.. കാറ്റൊന്നു ആഞ്ഞു വീശിയാൽ വല്ലാതെ ഭയക്കും..രൗദ്രഭാവത്തോടെ നാടിനെ കട പുഴക്കിയ ഓഖിയെന്ന രാക്ഷസ ചുഴലിക്കാറ്റിന്റെ കെടുതികൾ ഇനിയും ശമിച്ചിട്ടില്ല.. പിന്നാല, പേമാരി തീർത്ത രണ്ടു പ്രളയങ്ങളുടെ നടുവിലും കാറ്റ് ഭീകരരൂപം പൂണ്ടിരുന്നു. ഈ മഴക്കാലത്തും ആശങ്കയേറുന്നു. ആവർത്തിക്കപ്പെടുമോ ചുഴലിക്കാറ്റും പേമാരിയും?..
2017 നവംബർ 30നായിരുന്നു ഓഖിയുടെ വരവ്.കരയിലേക്കാളേറെ നഷ്ടം കടലിൽ . നിരവധി മത്സ്യത്തൊഴിലാളികളുടെ ജീവനെടുത്തു ഓഖി. കടലിൽ അകപ്പെട്ട 1,116 മത്സ്യത്തൊഴിലാളികളെ നാവികസേന, വ്യോമസേന, മറൈൻ എൻഫോഴ്സ്‌മെന്റ്, തീരദേശപൊലീസ് എന്നിവരുടെ നേതൃത്വത്തിൽ രക്ഷപ്പെടുത്തി. . ഔദ്യോഗിക കണക്കനുസരിച്ച് 52 മത്സ്യത്തൊഴിലാളികൾ മരിച്ചു. കാണാതായവർ 91. അവർക്കായി ആശ വിടാതെ ഇപ്പോഴും കാത്തിരിക്കുന്നു ഉറ്റവർ പലരും.
2018 ഒക്ടോബറിൽ ലുബാൻ ചുഴലിക്കാറ്റ് ഒമാൻ തീരത്തു നിന്നും കേരള തീരത്തേക്ക് ആഞ്ഞടിക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പെത്തി. ഓഖിയുടെ അനുഭവത്തിൽ റെഡ് അലർട്ട് . മത്സ്യത്തൊഴിലാളികൾ വള്ളങ്ങൾ കരയ്ക്കു കയറ്റി വീടുകളിലിരുന്നു. കാറ്റ് യെമൻ തീരത്തേക്ക് മാറിയത് രക്ഷയായി. ഒരു മാസം കഴിഞ്ഞ്, തിത്‌ലി ചുഴലിക്കാറ്റിന്റെ പോർ വിളി. അതും വഴിമാറി ഒഡിഷയിലേക്ക്. ഈ വർഷം കൊടുംചൂടിന്റെ മേയ് മാസത്തെ തണുപ്പിച്ചതും മറ്റൊരു ചുഴലിക്കാറ്റ്- ഉംപുൻ. ഈ നൂറ്റാണ്ടിലെ ആദ്യ സൂപ്പർ ചുഴലിക്കാറ്റായ ഉംപുൻ കേരളത്തെ നോവിച്ചില്ല.ഒടുവിൽ, 'നിസർഗ' ആഞ്ഞടിച്ചത് മുംബയ് തീരത്തും.
''നീരീക്ഷണ സംവിധാനങ്ങൾ മുമ്പത്തെക്കാൾ ഇന്ന് ശക്തമാണ്. ജാഗ്രതക്കൂടുതലാണ് ഭയത്തിന് കാരണം''
-ശേഖർ കുര്യാക്കോസ്,
സെക്രട്ടറി,ദുരന്ത നിവാരണ അതോറിട്ടി