കിളിമാനൂർ: ഗ്രാമീണ റോഡുകളിൽ കൂടി അനുവദനീയമായതിനേക്കാൾ ലോഡുമായി പായുന്ന ടോറസുകളും ലോറികളും ജനങ്ങൾക്ക് ഭീഷണിയാകുന്നു. അമിത ഭാരം വഹിച്ചുള്ള അമിത വേഗയും ഗ്രാമീണ റോഡുകൾ തകരുന്നതിനും, അപകടങ്ങൾ ഉണ്ടാകുന്നതിനും ഇത് ഇടയാക്കുന്നു.
രാത്രിയും പകലും വ്യത്യാസമില്ലാതെ കൊല്ലം ജില്ലയിലെ മുക്കുന്നം, കല്ലുതേരി, കുമ്മിൾ, ചിതറ ക്വാറികളിൽ നിന്നും നാൽപത് ടണ്ണിലധികം ഭാരവുമായി നൂറുകണക്കിന് വാഹനങ്ങളാണ് ദിവസേന ഈ റോഡിലൂടെ സഞ്ചരിക്കുന്നത്.
ഈ റോഡിലെ പ്രധാന കയറ്റങ്ങളിൽ ഒന്നാണ് അടയമൺ കയറ്റം. പ്രദേശവാസികളുടെയും നാട്ടുകാരുടെയും നിരന്തര ഇടപെടലിനെ തുടർന്ന് ഈ അടുത്ത കാലത്താണ് കുത്തു കയറ്റമായിരുന്ന അടയമൺ കയറ്റത്തിലെ റോഡ് ആധുനിക രീതിയിൽ പണിതത്. ആധുനിക രീതിയിൽ കുറവൻകുഴി മുതൽ തൊളിക്കുഴി വരെയുള്ള റോഡ് നിർമ്മിച്ചതിനാൽ ക്വാറികളിൽ നിന്നുള്ള വാഹനങ്ങൾ എം.സി റോഡിലേക്ക് ഇറങ്ങുന്നതിന് മറ്റ് റോഡുകളെ ആശ്രയിക്കാതെ ഈ റോഡിനെ മാത്രമാണ് ആശ്രയിക്കുന്നത്. കടയ്ക്കൽ നിലമേൽ വഴി സഞ്ചരിക്കാമെങ്കിലും എളുപ്പമാർഗം നോക്കി ഈ റോഡിലൂടെ പോകുന്നു. വിഴിഞ്ഞം തുറമുഖത്തിന്റെ പണി നടത്തുന്നതിന് അദാനി ഗ്രൂപ്പ് ഈ റോഡിലൂടെയാണ് നിമിഷങ്ങളുടെ വ്യത്യാസത്തിൽ പാറകൾ കൊണ്ടുപോകുന്നത്. ഇത് മറ്റ് വാഹനങ്ങൾക്ക് സഞ്ചരിക്കുന്നതിനും കാൽനടക്കാർക്കും അപകട സാഹചര്യമൊരുക്കുന്നു. കുറവൻകുഴി തൊളിക്കുഴി റോഡിൽ പഴക്കം ചെന്ന പാലങ്ങളും കലുങ്കുകളും ഇടിഞ്ഞു താഴ്ന്നു ഏതുനിമിഷവും പൊളിഞ്ഞു വീഴുന്നതിനും ഇത് കാരണമാകും.
അടയമൺ തേരിയിൽ റോഡ് വിണ്ടുകീറി ഇരിക്കുകയാണ്. ഒരു സുരക്ഷിതത്വവും ഇല്ലാതെ അധിക ലോഡുമായി പോകുന്നതിനാൽ ഏതുനിമിഷവും അപകടം ഉണ്ടാകുമെന്ന ഭയപ്പാടിലാണ് പ്രദേശവാസികൾ. അനിയന്ത്രിതമായും സുരക്ഷകൾ പാലിക്കാതെയും ഏതുനിമിഷവും വൻ അപകടങ്ങൾ നടക്കാവുന്നതും, അമിത ഭാരത്താൽ റോഡുകൾ തകർക്കുന്നതുമായ ഇത്തരം വാഹനങ്ങളുടെ സഞ്ചാരം നിയന്ത്രിക്കുന്നതിന് അധികൃതർ കർശന നടപടികൾ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ഇത്തരം വാഹനങ്ങൾ നാട്ടുകാരെ ഉൾപ്പെടുത്തി തടയുന്നതിനും പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കുന്നതിനും തൊളിക്കുഴി വാട്സ്ആപ്പ് ഗ്രൂപ്പ് നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.