ചിറയിൻകീഴ്: വീട്ടിൽനിന്ന് കാണാതായി വാമനപുരം ആറ്രിൽ മരിച്ച നിലയിൽ കണ്ടെത്തിയ സെക്രട്ടേറിയറ്റ് റെക്കാഡ്സ് വിഭാഗം അണ്ടർ സെക്രട്ടറി ചിറയിൻകീഴ് വലിയകട ഒറ്റപ്ലാമുക്ക് ഗ്രീഷ്മത്തിൽ ഇളാ ദിവാകറിന്റെ (49) സംസ്കാരം ഇന്നലെ വീട്ടുവളപ്പിൽ നടത്തി. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ പോസ്റ്റ്മോർട്ടത്തിനുശേഷം ഉച്ചയ്ക്ക് 12.50 നാണ് വീട്ടിൽ കൊണ്ടുവന്നത്. മക്കളും ബന്ധുക്കളും അന്ത്യാേപചാരമർപ്പിച്ച ശേഷം ഒരു മണിയോടെ വീട്ടുവളപ്പിലെ ചിതയിലേക്കെടുത്തു.
കൊവിഡ് 19 നിയന്ത്രണം ഉള്ളതിനാൽ സാമൂഹിക അകലം പാലിച്ച്, അടുത്ത ബന്ധുക്കളും നാട്ടുകാരും മാത്രമാണ് സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തത്. വിവിധ രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും ഇളയെ അവസാനമായി ഒരു നോക്കുകാണാൻ എത്തിയിരുന്നു. വെളളിയാഴ്ച പുലർച്ചെയാണ് ഇളയെ വീട്ടിൽ നിന്ന് കാണാതായത്. ഇളയുടെ സ്കൂട്ടർ പിന്നീട് വീടിന് ഒരു കിലോമീറ്റർ അകലെ ചിറയിൻകീഴ് അയന്തിക്കടവിൽ കണ്ടെത്തിയിരുന്നു . ഫയർഫോഴ്സ് സ്കൂബ ടീം നടത്തിയ തെരച്ചിലിൽ അയന്തിക്കടവിന് മൂന്നു കിലോമീറ്റർ അകലെ കരുന്ത്വാവ കടവിനടുത്ത് വളളിപ്പടർപ്പിൽ കുരുങ്ങിയ നിലയിലാണ് മൃതദേഹം ശനിയാഴ്ച കണ്ടെത്തിയത് . ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനായിരുന്ന പരേതനായ ലൈജു ഭർത്താവാണ്. മക്കൾ: ഭവ്യ ലൈജു (കെ.എസ്.ഇ.ബി സബ് എൻജിനിയർ, പാലച്ചിറ), അദീന ലൈജു (പ്ലസ്ടു വിദ്യാർത്ഥിനി).