veedu

വക്കം: നിരാലംബരായ അമ്മയ്ക്കും മകൾക്കും അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം ഇനിയും അകലെ. വക്കം തോപ്പിക്ക വിളാകം റെയിൽവേ ഗേറ്റിന് സമീപം റെയിൽവേ പുറമ്പോക്കിൽ ടാർ പോളിൻ ഷീറ്റ് മേഞ്ഞ ചെറ്റക്കുടിലിൽ കഴിയുന്ന രമയും അഞ്ചാം ക്ലാസുകാരി അഭിരാമിയും ഭീതിയോടെയാണ് രാത്രി വീട്ടിൽ കഴിയുന്നത്. കാറ്റും മഴയും വന്നാൽ ഭീതിയോടെയാണിവർ ഉറങ്ങാതെ ഇരിക്കുന്നത്. കാറ്റിൽ മേൽക്കുര പറന്ന് പോകുമെന്ന ഭയമാണിരുവർക്കും. ഒരു വർഷം മുൻപ് രമയുടെ ഭർത്താവ് അനി ട്രെയിൻ തട്ടി മരിച്ചു. നാലു വർഷം മുൻപ് പള്ളിമുക്കിൽ വസ്തു ഇല്ലാത്തവർക്ക് എന്ന പരിഗണനയിൽ നാല് സെന്റ് വസ്തു പഞ്ചായത്തിൽ നിന്നും ലഭിച്ചു. അന്ന് മുതൽ എല്ലാവർഷവും വീടിനായി ഗ്രാമപഞ്ചായത്തിൽ അപേക്ഷ നൽകി കാത്തിരിക്കുകയാണീ കുടുംബം. ആശാവർക്കറായ രമയ്ക്ക് അതിൽ നിന്ന് കിട്ടുന്ന ഓണറേറിയം മാത്രമാണീ കുടുംബത്തിന്റെ ഏക വരുമാനം. അതും മാസതോറും കൃത്യമായി ലഭിക്കാറില്ല. ഇതിന് പുറമേ രമയുടെ അമ്മയെ കൂടി വീട്ടിൽ സംരക്ഷിക്കണം.

അഭിരാമി ഇല്ലായ്‌മയിലും നന്നായി പഠിക്കുന്നുണ്ട്. എൽ.കെ.ജി മുതൽ വക്കത്തെ ശിവഗിരി ശാരദ വിദ്യാനികേതൻ സ്‌കൂളിലാണ് പഠനാരംഭിച്ചത്. രമയുടെ ദുഃസ്ഥിയറിഞ്ഞ ശിവഗിരി മഠം അഭിരാമിയുടെ പഠന ചെലവിന്റെ ഭൂരിഭാഗവും ഏറ്റെടുത്തു. ഫീസ്, ബുക്ക് സെറ്റ്, നോട്ട് ബുക്ക് എന്നിവ നൽകിയാണ് ശിവഗിരി മഠം അഭിരാമിക്ക് താങ്ങായത്. പഠനം ഓൺലൈനായതോടെ അഭിരാമിയുടെ പഠനത്തിന് കരിനിഴൽ വീണു. ഇതറിഞ്ഞ് സ്കൂളിലെ അദ്ധ്യാപിക ഫോൺ വാങ്ങി അഭിരാമിക്ക് നൽകി. ഒാരോ വർഷവും നിരവധി പാർപ്പിട പദ്ധതികൾ നടപ്പിലാക്കുന്ന നാട്ടിൽ തങ്ങൾക്കും അന്തിയുറങ്ങാൻ അടച്ചുറപ്പുള്ള വീട് വേണമെന്നാണ് രമയുടെയും മകളുടെയും ആവശ്യം.