ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയുടെ ലൈഫ് പദ്ധതിയിൽ ആലംകോട് ഗുരുനാഗപ്പൻകാവ് വിളവീട്ടിൽ റീത്തയ്ക്ക് വീട് ഒരുങ്ങി. ജന്മനാ അരക്ക് താഴെ സ്വാധീനമില്ലാത്തതിനാൽ കൈകളുടെ സഹായത്താൽ ഇഴഞ്ഞ് മാത്രം സഞ്ചരിക്കാനേ റീത്തയ്ക്ക് കഴിയൂ.
40 കാരിയായ ഇവർക്ക് സ്വന്തമായി വീടുണ്ടായിരുന്നില്ല. ഏത് സമയത്തും നിലംപൊത്താറായ മൺ ചുവരുള്ള കുടുംബ വീട്ടിലാണ് റീത്തയും അമ്മയും സഹോദരങ്ങളും താമസിച്ചിരുന്നത്. കാലവർഷത്തിന് മുൻപ് സുരക്ഷിതമായ സ്വന്തം വീട്ടിലേക്ക് മാറണമെന്നത് റീത്തയുടെ ആഗ്രഹമായിരുന്നു.
അവിവാഹിതയായ റീത്ത നഗരസഭയുടെ ആശ്രയ പദ്ധതിയിലെ അംഗമാണ്. ഈ പദ്ധതിയിലൂടെയുള്ള ചെറിയ സഹായവും പെൻഷനും മാത്രമാണ് വരുമാന മാർഗം. നാല് ലക്ഷം രൂപയാണ് വീട് നിർമ്മിക്കാൻ നഗരസഭ നൽകിയത്. വീട് വൈദ്യുതീകരിക്കേണ്ടതിനായി ചെയർമാൻ നേരിട്ട് ഇടപെട്ടു. ഇതിനാവശ്യമായ എല്ലാ ചിലവുകളും വഹിച്ചത് കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിലെ ജീവനക്കാരാണ്.
ഞായറാഴ്ച രാവിലെ പുതുതായി നിർമ്മിച്ച വീടിന്റെ ഗൃഹപ്രവേശന ചടങ്ങിന് നഗരസഭാ ചെയർമാൻ എം.പ്രദീപ്, സി.ഡി.എസ് ചെയർപേഴ്സൺ എ. റീജ, അകൗണ്ടന്റ് ശരത്ത് എന്നിവർ പങ്കെടുത്തു. ഈ ഭരണ സമതി ഇതുവരെ 204 വീടുകളാണ് ലൈഫ് പദ്ധതി പ്രകാരം പൂർത്തിയാക്കിയത്. കൂടാതെ ഇം.എം.എസ് ഭവന പദ്ധതിയിൽ പണി പൂർത്തീകരിക്കാൻ കഴിയാതിരുന്ന 43 ഗുണഭോക്താക്കൾക്കും വീട് നിർമ്മിച്ച് നൽകി. അർഹരായ 65 പേർക്ക് കൂടി വീട് നൽകാനുള്ള നടപടികളും നഗരസഭ പൂർത്തിയാക്കിയതായി ചെയർമാൻ പറഞ്ഞു.