വെഞ്ഞാറമൂട്: കത്തി കഴുത്തിൽ വച്ച് ഭീഷണിപ്പെടുത്തി യുവതിയുടെ മാല കവർന്നതായി പരാതി. ശാന്തിഗിരി സ്വദേശി നീനയുടെ മാലയാണ് കവർന്നത്.കഴിഞ്ഞ ദിവസം രാത്രി 10 നായിരുന്നു സംഭവം. നീനയും മക്കളും കഴിഞ്ഞ രണ്ട് ദിവസമായി സഹോദരി നിജയുടെ വെമ്പായം മണ്ഡപം കുന്നിലെ വീട്ടിലായിരുന്നു താമസം. ഇവിടെ നിജയും മക്കളും മാത്രമാണ് താമസം. ഇവരുടെ ഭർത്താവ് പട്ടാളത്തിലാണ്. സ്ത്രീകൾ മാത്രമുണ്ടായിരുന്ന ഈ വീട്ടിലെ മതിൽ ചാടിക്കടന്ന് എത്തിയ അക്രമി നീനയുടെ കഴുത്തിൽ കത്തി വച്ച് ഭീഷണിപ്പെടുത്തി മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു. അഞ്ചു പവൻ വരുന്ന മാലയിൽ രണ്ട് പവൻ വരുന്ന ഭാഗം നഷ്ടപ്പെട്ടു.രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കത്തി കൊണ്ട് കഴുത്തിനും കൈക്കും പരിക്കേറ്റ യുവതിയെ ആദ്യം കന്യാകുളങ്ങര കമ്യൂണിറ്റി ഹെൽത്ത് സെന്ററിലും തുടർന്ന് ഗോകുലം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ആറ്റിങ്ങൽ ഡിവൈ എസ്.പി.എസ്.വൈ.സുരേഷ്, വട്ടപ്പാറ സി.ഐ.ടി.ബിനുകുമാർ, വിരളടയാള വിദഗ്ദ്ധർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.